വഴിയിടങ്ങൾ തുറന്നു കൊടുക്കുന്നില്ല; കേടാകുംവരെ കാത്തിരിക്കണോ?

Mail This Article
കോട്ടയം ∙ നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം കാത്തുകിടക്കുന്നത് ‘ മൂന്ന് ’ ടേക് എ ബ്രേക് (വഴിയിടം) പദ്ധതികൾ. കോട്ടയം നഗരസഭ, വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളിൽ യാത്രക്കാർക്കു വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾക്കുമായി ഒരുക്കിയ വഴിയിടങ്ങളാണ് മാറാല പിടിക്കുന്നത്. വിശ്രമിക്കുന്നതിനുള്ള മുറി, മുലയൂട്ടൽ മുറി, ശുചിമുറി, ഭിന്നശേഷിക്കാർക്കു റാംപ് ഉൾപ്പെടെയുള്ള സൗകര്യം, മൊബൈൽ ചാർജിങ് സ്ലോട്ടുകൾ, ശുദ്ധജലവിതരണം, ലഘുഭക്ഷണശാല എന്നിവയാണുള്ളത്. ലക്ഷക്കണക്കിനു രൂപ മുടക്കിയ ഉപകരണങ്ങൾ തുരുമ്പെടുത്തു. ആളനക്കമില്ലാതായതോടെ സാമൂഹികവിരുദ്ധശല്യവും വർധിച്ചു.
കോട്ടയം നഗരസഭ
നെഹ്റു സ്റ്റേഡിയത്തിനു സമീപം റോഡരികിലാണു നഗരസഭയുടെ വഴിയിടം. നഗരമധ്യത്തിൽ തന്നെയായതിനാൽ ഏറെ സൗകര്യപ്രദം. ഈയിടെ ഇന്റർലോക്ക് കട്ടകൾ പാകി പരിസരം മനോഹരമാക്കി.
വാകത്താനം പഞ്ചായത്ത്
തെങ്ങണ–ഞാലിയാകുഴി റോഡിലെ വഴിയിടത്തിന്റെ പരിസരം മുഴുവൻ കാടുകയറി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തുറക്കുമെന്നു പറഞ്ഞിട്ടും നടപ്പായില്ല.
പുതുപ്പള്ളി പഞ്ചായത്ത്
കൈതേപ്പാലം ജംക്‌ഷനു സമീപമാണു കെട്ടിടം. സ്ഥലം സംബന്ധിച്ച തർക്കം കോടതിയിലുള്ളതിനാലാണ് തുറന്നുകൊടുക്കാൻ സാധിക്കാത്തതെന്ന് അധികൃതർ പറയുന്നു.