ഓട്ടോറിക്ഷായ്ക്കു മുകളിൽ അപൂർവ ഗാന്ധി ശിൽപങ്ങൾ ഒരുക്കി മഞ്ജീഷും ഓട്ടോക്കൂട്ടുകാരും

Mail This Article
ചങ്ങനാശേരി ∙ ‘ഓട്ടോക്കൂട്ടത്തിനിടയിൽ ഗാന്ധിജി’. പെരുന്ന സ്വദേശി ആർട്ടിസ്റ്റ് മഞ്ജീഷ് മോഹൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒരുക്കിയ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു.ഗാന്ധിജിയുടെ ഓർമകൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വ്യത്യസ്തമായ മാർഗങ്ങൾ തേടിയുള്ള അന്വേഷണമാണ് കലാസൃഷ്ടിയുടെ പിറവിയിലേക്ക് എത്തിയത്. സാധാരണക്കാരുടെ വാഹനമായി അറിയപ്പെടുന്ന ഓട്ടോറിക്ഷകളാണു കലാസൃഷ്ടിക്കായി തിരഞ്ഞെടുത്തത്.
ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 9 x 5 അടി വലുപ്പമുള്ള 15 ഫ്രെയിമുകൾ നിർമിക്കുകയാണ് ആദ്യം ചെയ്തത്. ഇവയിൽ ഒരടി അകലത്തിൽ കറുത്ത നൈലോൺ നൂലുകൾ വലിച്ചു കെട്ടി. ഗാന്ധിജിയുടെ രൂപം വെട്ടിയെടുത്ത കൊറഗേറ്റഡ് ഷീറ്റുകൾ ഇവയിൽ ഉറപ്പിച്ചു. ഫ്രെയിമുകൾ ഓരോ ഓട്ടോറിക്ഷകളുടെയും മുകളിൽ സ്ഥാപിച്ചു. കൃത്യമായ അകലത്തിൽ ഓരോ ഓട്ടോറിക്ഷകളും നിർത്തിയിട്ടതോടെ ഇവയുടെ മുകളിൽ ഗാന്ധിയുടെ വലിയ ചിത്രം തെളിഞ്ഞു.

സ്പോഞ്ചിൽ നിറം മുക്കി വേഗത്തിൽ വരച്ചെടുത്ത ഗാന്ധിജിയുടെ ചിത്രം, ഗാന്ധി ശിൽപം, തകിടുകൾ മുറിച്ചെടുത്തു നിരത്തി വച്ച് അകലെ നിന്നു നോക്കുമ്പോൾ ഗാന്ധി ചിത്രം കാണുന്ന വിധത്തിലുള്ള ഇൻസ്റ്റലേഷൻ, 32,632 കുപ്പിയടപ്പുകൾ അടുക്കി വച്ചു ഗാന്ധി ചിത്രം, 2,000 സ്ക്വയർ ഫീറ്റിൽ 50 അടി ഉയരത്തിൽ ഒരുക്കിയ ഗാന്ധി ചിത്രം തുടങ്ങി മുൻപും ഗാന്ധിജയന്തി ദിനങ്ങളിൽ വ്യത്യസ്തമായ ആശയങ്ങൾ മഞ്ജീഷ് മോഹൻ ആവിഷ്കരിച്ചിട്ടുണ്ട്. ഫൊട്ടോഗ്രഫർമാരായ സുജിത് പത്മാസ്, മാർട്ടിൻ ജോസഫ്, രാഹുൽ എന്നിവരും ഇത്തവണത്തെ കലാസൃഷ്ടി യാഥാർഥ്യമാക്കാൻ മഞ്ജീഷ് മോഹന് ഒപ്പം ഉണ്ടായിരുന്നു. ഗാന്ധി രൂപം നിർമിച്ചതിന്റെ വിഡിയോ യു ട്യൂബിൽ പങ്കുവച്ചിട്ടുണ്ട്.
English Summary: Discover the Stunning Artwork Celebrating Gandhi's Legacy in Changanassery