ADVERTISEMENT

കോട്ടയം ∙ ആലപ്പുഴയിലെ കർഷകന്റെ മരണത്തിൽ പ്രതിഷേധിച്ച് പാഡി ഓഫിസിലേക്ക് മാർച്ച് നടത്തിയ കേരള കോൺഗ്രസ് പ്രവർത്തകർ സമരത്തിൽ ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. പ്രതീകാത്മകമായി മൃതദേഹം വഹിച്ചുകൊണ്ടായിരുന്നു സമരം. കോട്ടയം സ്വദേശി സനുവാണു മൃതദേഹമായി സമരത്തിൽ അഭിനയിച്ചത്. കേരള കോൺഗ്രസ് പ്രവർത്തകർ സനുവുമായി പാഡി ഓഫിസിനു സമീപം എത്തിയപ്പോഴാണു നാട്ടുകാരനും സുഹൃത്തുമായ അനിൽ എത്തിയത്. സുഹൃത്തിന് എന്തു പറ്റിയെന്ന ആധിയുമായി അനിൽ നിലവിളിയോടെ സനുവിന് അടുത്തെത്തി.

സമരത്തിന്റെ ഭാഗമാണെന്നു മറ്റുള്ളവർ പറഞ്ഞെങ്കിലും അപ്പോഴേക്കും കുറച്ച് ‘അന്ത്യചുംബനങ്ങൾ’ നൽകിക്കഴിഞ്ഞിരുന്നു. പിന്നെ അതു പൊട്ടിച്ചിരിക്കു വഴിമാറി. സനു പാർട്ടി പ്രവർത്തകനാണെന്നും ഇത്തരത്തിൽ ഒരു സമരത്തിന്റെ ആശയം പറഞ്ഞപ്പോൾ സനു മൃതദേഹമായി അഭിനയിക്കാൻ തയാറാകുകയായിരുന്നെന്നും പാർട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

സർക്കാർ നിലപാട് തിരുത്തണം: മോൻസ് ജോസഫ്
കോട്ടയം ∙ കർഷകരിൽ നിന്നു സംഭരിച്ച നെല്ലിന്റെ പണം സർക്കാർ നേരിട്ട് നൽകുന്നതിനു പകരം കർഷകനെക്കൊണ്ടു ലോൺ എടുപ്പിച്ചു കർഷകന്റെ മേൽ വീണ്ടും ബാധ്യത കെട്ടിവയ്ക്കുന്ന ഇടതു സർക്കാർ നിലപാട് തിരുത്തണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത നെൽ കർഷകൻ കെ.ജി.പ്രസാദിന്റെ മരണത്തിന്റെ കാരണക്കാർക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി പാഡി ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇനിയും കർഷകർ ആത്മഹത്യ ചെയ്യാൻ ഇടവരുത്തിയാൽ ശവമഞ്ചം സർക്കാരിന് സമർപ്പിക്കുമെന്ന് ഓർമിപ്പിച്ച് പ്രതീകാത്മകമായി ശവമഞ്ചവും വഹിച്ചായിരുന്നു പ്രതിഷേധം. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് അഡ്വൈസർ തോമസ് കണ്ണന്തറ, ജില്ല സെക്രട്ടറി ജയ്സൺ ജോസഫ്, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ബിനു ചെങ്ങളം, സി.വി.തോമസുകുട്ടി, ബേബി തുപ്പലഞ്ഞിയിൽ, പ്രസാദ് ഉരുളികുന്നം, ജോയി ചെട്ടിശ്ശേരിൽ, ജോസ് ജയിംസ് നിലപ്പന തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com