വാരു കൂലി തർക്കം; കൊയ്ത നെല്ല് പാടവരമ്പത്ത്

Mail This Article
വൈക്കം ∙ വെച്ചൂർ അരങ്ങത്തുകരി പാടശേഖരത്തിൽ അരങ്ങത്തുതറ പാടശേഖരത്തിൽ കൊയ്തു കൂട്ടിയ നെല്ല് വാരി ചാക്കിലാക്കുന്ന കൂലി സംബന്ധിച്ച തർക്കം. 50 ക്വിന്റൽ നെല്ല് സംഭരണം നടത്താതെ പാടവരമ്പത്ത് കിടക്കുകയാണ്. ക്വിന്റലിന് 30രൂപയായിരുന്നത് 40രൂപയാക്കി നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടെന്നു കർഷകർ ആരോപിച്ചു. ദിവസങ്ങൾക്ക് മുൻപാണ് വെച്ചൂരിലെ 121 ഏക്കറുള്ള അരങ്ങത്തുകരി പാടശേഖരത്ത് നെല്ലിന്റെ വാരു കൂലിയായി ബന്ധപ്പെട്ട് തർക്കം തുടങ്ങിയത്. വെച്ചൂർ പഞ്ചായത്തിൽ ചേർന്ന കർഷകരുടെയും വിവിധ രാഷ്ട്രീയ പാർട്ടി ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗത്തിൽ 30 രൂപയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന നിലപാടിൽ കർഷകർ ഉറച്ചു നിന്നു.
കൊയ്തു കൂട്ടിയ ഭൂരിഭാഗം നെല്ലും കർഷകർ തന്നെ ചാക്കിലാക്കി, സംഭരണം നടത്തി. കഴിഞ്ഞദിവസം ബാക്കിയുള്ള നെല്ല് വാരി ചാക്കിൽ നിറച്ച കർഷകനെയും തൊഴിലാളികളെയും വനിതാ തൊഴിലാളികൾ തടസ്സപ്പെടുത്തിയെന്നു കർഷകർ ആരോപിച്ചു. ഇതോടെ നെല്ല് പാടവരമ്പത്ത് ഉപേക്ഷിച്ച് കർഷകൻ മടങ്ങി. തുടർന്ന് തൊഴിലാളികൾ പടുതയിട്ട് മൂടി അവകാശം സ്ഥാപിക്കുകയാണ് ചെയ്തതെന്ന് അരങ്ങത്തുകരി പാടശേഖരസമിതി സെക്രട്ടറി എസ്.ഡി.ഷാജി പറഞ്ഞു. സിഐടിയുവിന്റെ പിന്തുണയോടെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചതെന്നു കർഷകർ ആരോപിച്ചു. വൈക്കം പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പാടശേഖര സമിതി കോടതിയെ സമീപിച്ചു.
∙ എന്നാൽ തങ്ങൾ നെല്ല് സംഭരണം തടസ്സപ്പെടുത്തിയിട്ടില്ല എന്നും പുറത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് നെല്ല് വാരാൻ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. കൂടാതെ അരങ്ങത്തുകരിക്കു സമീപമുള്ള പാടശേഖരങ്ങളിൽ 40 രൂപയാണ് വാരു കൂലി. ഇൗ കൂലി വേണമെന്നാണ് ആവശ്യപ്പെട്ടത്. പഞ്ചായത്തിൽ വിളിച്ച ചേർത്ത യോഗം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും വെച്ചൂർ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു അംഗം സുനി ഷാജി പറഞ്ഞു.
∙ അരങ്ങത്തുകരി പാടശേഖരത്തിൽ വാരു കൂലിയുമായി ബന്ധപ്പെട്ട തർക്കം ഉള്ളതായി അറിഞ്ഞെങ്കിലും നെല്ലിന്റെ സംഭരണം മുടങ്ങിയത് ആരും അറിയിച്ചില്ലെന്ന് വെച്ചൂർ കൃഷി ഓഫിസർ പറഞ്ഞു
∙ പഞ്ചായത്ത് തലത്തിൽ ചേർന്ന യോഗത്തിൽ വാരു കൂലിയായി നിശ്ചയിച്ചിരിക്കുന്നത് 30രൂപയാണ്. എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും കർഷകർക്ക് കൂലി കൂടുതൽ കൊടുക്കണമെങ്കിൽ നൽകാമെന്ന് തൊഴിൽ വകുപ്പ് അധികൃതർ പറഞ്ഞു
വാരു കൂലി 30 രൂപ
∙ 2022 ഒക്ടോബർ 14-ന് വെച്ചൂർ പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, പാടശേഖരസമിതി ഭാരവാഹികൾ, തുടങ്ങിയവർ ചേർന്ന് നടത്തിയ യോഗത്തിൽ വാരു കൂലിയായി 30 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 2023 അവസാനം വരെയാണ് കാലാവധി. കെ.ആർ.ഷൈലകുമാർ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ്.