തളിയിൽ ക്ഷേത്രത്തിലേക്കുള്ള റോഡ് തകർന്നിട്ട് മാസങ്ങൾ; ഈ വഴി കഠിനമെൻ അയ്യപ്പാ...
Mail This Article
കടുത്തുരുത്തി ∙ ഈ റോഡിലൂടെയുള്ള യാത്ര കഠിനം തന്നെ... ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ തളിയിൽ മഹാദേവ ക്ഷേത്രത്തിലേക്കുള്ള റോഡ് തകർന്നിട്ട് മാസങ്ങളായി. കോട്ടയം – എറണാകുളം റോഡരികിൽ സ്ഥിതിചെയ്യുന്ന തളിയിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് അയ്യപ്പ ഭക്തരിൽ ഭൂരിഭാഗവും ശബരിമലയിലേക്ക് പോകുന്നത്. ടൗണിൽ നിന്നും ക്ഷേത്ര കവാടം വരെ റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
കടുത്തുരുത്തി ടൗൺ – തളിയിൽ മഹാദേവ ക്ഷേത്രം – ഗോവിന്ദപുരം– കുന്നശേരി കാവ്– മുട്ടുചിറ ആശുപത്രി റോഡിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സെക്‌ഷന്റെ കീഴിലാണ് ഈ റോഡുള്ളത്. കടുത്തുരുത്തി പഞ്ചായത്ത് ഓഫിസ്, പൊതുമരാമത്ത് വകുപ്പ് ഓഫിസ്, വിദ്യാഭ്യാസ വകുപ്പ് ഓഫിസ്, കൃഷി വകുപ്പ് ഓഫിസ്, ഇറിഗേഷൻ ഓഫിസ്, വില്ലേജ് ഓഫിസ്, കടുത്തുരുത്തി സി.ഐ. ഓഫിസ് തുടങ്ങിയ ഓഫിസുകളും പൊലീസ് ക്വാർട്ടേഴ്സും പ്രവർത്തിക്കുന്നത് ഈ റോഡരികിലാണ്.
റോഡിലെ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ടൗൺ മുതൽ ക്ഷേത്ര കവാടം വരെ അനധികൃത പാർക്കിങ്ങും ഉണ്ട്. കൂടാതെ പൊലീസ് വിവിധ കേസുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും ഈ റോഡരികിലാണ് സൂക്ഷിക്കുന്നത്. അപകടത്തിൽ പെടുന്ന വാഹനങ്ങളും പൊലീസ് കൊണ്ടു വന്നിടുന്നതും ഈ റോഡരികിലാണ്. സർക്കാർ ഓഫിസുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വാഹനങ്ങൾ തകർന്നു കിടക്കുന്ന റോഡിലൂടെയാണ് എത്തുന്നത്. ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് റോഡ് ടാറിങ് നടത്തണമെന്ന് ക്ഷേത്രോപദേശകസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ റോഡിലെ കുഴികളടയ്ക്കാൻ പോലും തയാറായിട്ടില്ല.