അജ്ഞാത ജീവിയെ തിരിച്ചറിയാൻ നിരീക്ഷണ ക്യാമറ സ്ഥാപിക്കും: മന്ത്രി ശശീന്ദ്രൻ
Mail This Article
പാമ്പാടി ∙ കുറുക്കനെയും കുറുനരിയെയും കെണിവച്ചു പിടിക്കുമെന്നും അജ്ഞാത ജീവിയെ തിരിച്ചറിയാൻ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പാമ്പാടി, കൂരോപ്പട പ്രദേശങ്ങളിൽ രാത്രികാലത്തു പ്രത്യക്ഷപ്പെടുന്ന വന്യജീവിയെ സംബന്ധിച്ച് നാട്ടുകാർക്കുള്ള ആശങ്ക പരിഹരിക്കാൻ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ.രാജൻ,
ബെന്നി മൈലാടൂർ, റെജി കൂരോപ്പട, ജെയ്സൺ, രാധാകൃഷ്ണൻ ഓണമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പാമ്പാടി, കൂരോപ്പട മേഖലയിൽ കാട്ടുപന്നി, മുള്ളൻപന്നി, കുറുക്കൻ, കുറുനരി തുടങ്ങിയ വന്യജീവികളുടെ ശല്യം രൂക്ഷമാണ്. ഇതിനു പുറമേ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പുലിയോട് സാദൃശ്യമുള്ള വന്യജീവി പ്രദേശത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.
കാട്ടുപന്നിയും മുള്ളൻപന്നിയും വിളകൾ നശിപ്പിക്കുന്നതിനു പരിഹാരമുണ്ടാക്കുക, കുറുക്കനും കുറുനരിയും പോലുള്ള അക്രമകാരികളായ ജീവികളുടെ ശല്യം പരിഹരിക്കുക, മലയോര മേഖലകളിലെ കർഷകർക്കും കാർഷിക വിളകൾക്കും പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിരുന്നു. കുറുക്കൻ, നരി തുടങ്ങിയവയെ കെണിവച്ചു പിടിക്കുന്നതുൾപ്പെടെ ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം വനംവകുപ്പ് ചെയ്യുമെന്നു മന്ത്രി ഉറപ്പുനൽകി.