എംസി റോഡിൽ അപകടങ്ങൾ കൂടുന്നു; അനക്കമില്ലാതെ അധികൃതർ
Mail This Article
കുറവിലങ്ങാട് ∙ എംസി റോഡിൽ ആഴ്ചയിൽ മൂന്നും നാലും അപകടങ്ങൾ ഉണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധന പോലും നടത്തുന്നില്ല. കോഴാ ജംക്‌ഷനു സമീപത്തെ വേഗത്തടകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ഇങ്ങനെ: സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിയും കുട്ടിയും വേഗത്തടകളിൽ നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ വീണു. 2 പേർക്കും നിസ്സാര പരുക്കേറ്റു.
∙ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ വേണ്ടിയാണ് എംസി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, കോഴാ, വെമ്പള്ളി, തോട്ടുവാ റോഡിൽ തോട്ടുവ എന്നിവിടങ്ങളിൽ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചത്. ഇതിൽ വെമ്പള്ളിയിലെ ഒരു വേഗത്തട നീക്കം ചെയ്തു. കോഴാ ഭാഗത്തു വേഗത്തടയുടെ ഉയരം മാത്രമല്ല പ്രശ്നം. ഭാരവാഹനങ്ങൾ കയറി ഈ ഭാഗത്തു റോഡ് ഇടിഞ്ഞുതാഴ്ന്നു. ശ്രദ്ധ അൽപം തെറ്റിയാൽ വേഗത്തടകളിൽ കയറുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ.
∙ വേഗത്തടകളുടെ നിർമാണം അശാസ്ത്രീയമാണെന്നു നാറ്റ്പാക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രധാന റോഡുകളിലെല്ലാം വേഗത്തടകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ ഉയരം കുറവാണ്. എംസി റോഡിലെ വേഗത്തടകൾക്ക് ഉയരം കൂടുതൽ. ഇതു റോഡ് സുരക്ഷയെക്കാൾ റോഡ് അപകടത്തിനു കാരണമാകുന്നു.
∙ വേഗത്തടകൾ നീക്കം ചെയ്തു ശാസ്ത്രീയമായി പുനഃക്രമീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു. പക്ഷേ തുടർനടപടി ആയില്ല. കുറവിലങ്ങാട് പള്ളിക്കവല, കോഴാ പമ്പിനു സമീപം, വെമ്പള്ളി, തോട്ടുവാ എന്നിവിടങ്ങളിൽ സ്ഥാപിച്ച വേഗത്തടകൾ പൂർണമായി നീക്കം ചെയ്യാനാണു തീരുമാനിച്ചത്. ഉയരം പകുതിയായി കുറച്ചു ശാസ്ത്രീയമായി പുനഃസ്ഥാപിക്കും. പക്ഷേ ഉത്തരവിനു ശേഷം നടപടി ഉണ്ടായില്ല.
∙ വേഗത്തട നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മോൻസ് ജോസഫ് എംഎൽഎ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കു പരാതി നൽകിയിരുന്നു. പക്ഷേ അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല.