കറുകച്ചാൽ - മണിമല റോഡ് തകർന്നു; വ്യാപാരികൾ കടയടച്ച് സമരത്തിന്
Mail This Article
കറുകച്ചാൽ ∙ പരമ്പരാഗത ശബരിമല പാതയായ കറുകച്ചാൽ - മണിമല റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ നേതൃത്വത്തിൽ 21നു രാവിലെ 10 മുതൽ 12 വരെ ജനകീയ സമരം നടക്കും. മേഖലയിലെ വ്യാപാരികൾ കടയടച്ച് റോഡ് ഉപരോധിച്ചാണ് സമരം നടത്തുന്നത്.
സമരത്തിന് 3 യൂണിറ്റ്
കേരള വ്യാപാരി ഏകോപന സമിതി മണിമല, കങ്ങഴ, നെടുംകുന്നം യൂണിറ്റുകളാണ് സമരരംഗത്തുള്ളത്. രാവിലെ 11നു പ്രകടനമായി എത്തി മണിമലയിലെ വ്യാപാരികൾ ബസ് സ്റ്റാൻഡ് കവാടത്തിലും കങ്ങഴയിലെ വ്യാപാരികൾ പത്തനാട് കവലയിലും നെടുംകുന്നത്തെ വ്യാപാരികൾ നെടുംകുന്നം ടൗണിലും റോഡ് ഉപരോധിക്കും. റോഡ് തകർന്നു തരിപ്പണമായതോടെ ഇടപാടുകാർ മറ്റു വഴികളെ ആശ്രയിക്കുകയാണ്. മേഖലയിലെ വ്യാപാരം 50% കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.
നടുവൊടിച്ച് കുഴി
റോഡിലെ നടുവൊടിക്കുന്ന കുഴികൾക്കു പുറമേ റോഡിന് ഇരുവശവും കാട് കയറി മൂടിയതും ചേർന്ന് കറുകച്ചാൽ – മണിമല റോഡിലെ യാത്ര ഏറെ ദുരിതമായി. 16 കിലോമീറ്റർ ദൂരമുള്ള റോഡ് കറുകച്ചാൽ, വാഴൂർ, എരുമേലി പിഡബ്ല്യുഡി സെക്‌ഷനുകളിലാണ്.
റോഡിന്റെ 70% ഭാഗം തകർന്നിട്ടു കാലമേറെയായി. 8 വർഷം മുൻപാണു റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തു നവീകരിച്ചത്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ തകർന്നു. ഇപ്പോൾ മിക്കയിടങ്ങളിലും ടാറിങ് തകർന്ന് കുഴികൾ മാത്രമാണുള്ളത്. കൊടുംവളവുകൾ ഏറെയുള്ള റോഡിന്റെ വശങ്ങളിൽ കാടു വളർന്നതു മൂലം എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല.