അഗ്നിരക്ഷാ സേനയുടെ ആദ്യ ദൗത്യം എരുമേലിയിലെ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തൽ!

Mail This Article
എരുമേലി ∙ വന്നത് ശബരിമല തീർഥാടകർക്കു സുരക്ഷിതത്വമൊരുക്കാൻ. ആദ്യദൗത്യം എരുമേലിയിലെ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തൽ. എരുമേലി പഞ്ചായത്ത് ഓഫിസിലെ കംപ്യൂട്ടർ മേശയുടെയും ഭിത്തിയുടെയും ഇടയിൽ കുടുങ്ങിയ കുഞ്ഞിപ്പൂച്ചകളെ സുരക്ഷിതമായി പുറത്തെത്തിച്ച്, മണ്ഡല–മകരവിളക്ക് പ്രത്യേക ദൗത്യത്തിനായി എത്തിയ അഗ്നിരക്ഷാ സേന.
കുടുങ്ങി
പഞ്ചായത്ത് ഓഫിസിലും പരിസരത്തും താമസക്കാരിയായ പൂച്ച പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ മുറിയിലെ ക്യാബിനുള്ളിലെ മേശയുടെ അടിയിൽ നിന്നു മാറാതെ കരഞ്ഞതോടെയാണു ജീവനക്കാർ ശ്രദ്ധിച്ചത്. അനങ്ങാൻ കഴിയാത്ത വിധം ചെറിയ വിടവിനുളളിൽ 2 പൂച്ചകുഞ്ഞുങ്ങൾ കുടുങ്ങിക്കിടക്കുന്നു. പുറത്തെടുക്കാൻ ജീവനക്കാർ ശ്രമിച്ചിട്ടു കഴിയാതെവന്നതോടെയാണ് അഗ്നിരക്ഷാ യൂണിറ്റിനെ സമീപിച്ചത്.
രക്ഷകർ രംഗത്ത്
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഹരീഷ്കുമാറിന്റെ നേതൃത്വത്തിൽ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി. കംപ്യൂട്ടർ ടേബിൾ ഭാഗങ്ങൾ പൊളിച്ച് പൂച്ചക്കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത് വലിയ നഷ്ടം ഉണ്ടാക്കുമെന്നുകണ്ട് മുകളിലുള്ള പലക മാത്രം ഇളക്കി മാറ്റി കൈകടക്കാവുന്ന വിധം ദ്വാരമുണ്ടാക്കി.
അര മണിക്കൂർപ്രയത്നത്തിലൂടെ 2 പൂച്ചക്കുഞ്ഞുങ്ങളെയും സുരക്ഷിതമായി പുറത്തെടുത്ത് അമ്മയ്ക്കൊപ്പം സുരക്ഷിത സ്ഥലത്തേക്കു മാറ്റി. സീനിയർ ഫയർ ഓഫിസർ സുധീർകുമാർ, ഫയർ ഓഫിസർമാരായ വി. രമേശ്, എസ്.എ.നിജു, കെ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.