ADVERTISEMENT

എരുമേലി∙ വാവർ സ്വാമിയുടെ അനുഗ്രഹം തേടി വരുന്ന അയ്യപ്പ ഭക്തർക്ക് മുന്നിൽ മുഴുവൻ സമയവും നൈനാർ മസ്ജിദിന്റെ വാതിലുകൾ തുറന്നു കിടക്കും. ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് കൊച്ചമ്പലത്തിൽ നിന്ന് പേട്ട കെട്ടി ഇറങ്ങുന്ന ഭക്തർ ശരണം വിളികളോടെ ആദ്യം എത്തുന്നത് വാവര് സ്വാമിയെ ദർശിക്കാൻ വാവരു നടയിലേക്കാണ്. നൈനാർ പള്ളിക്ക് വലം വച്ച് എത്തുന്ന ഭക്തർക്ക് പള്ളിയിൽ നിന്ന് ഭസ്മവും നേർച്ച സാധനങ്ങളും നൽകിയാണ് യാത്രയാക്കുന്നത്. ഇവിടെ നിന്നാണ് വലിയമ്പലത്തിലേക്കു പേട്ടതുള്ളി ഭക്തർ എത്തുന്നത്.

മത സാഹോദര്യത്തിന് എന്നും ലോകത്തിനു മുന്നിലെ മാതൃകയാണ് എരുമേലി നൈനാർ മസ്ജിദും ധർമശാസ്താക്ഷേത്രവും ഇവിടുത്തെ ആചാരങ്ങളും. ഭാഷയുടെയും ദേശത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ എത്തുന്ന ഭക്ത ലക്ഷങ്ങൾ ജാതിമത വ്യത്യാസങ്ങളുടെ അതിർവരമ്പുകളും ഭേദിച്ച് പള്ളിക്കു ചുറ്റും വലം വച്ച് ശരണം വിളിക്കും. തീർഥാടകരെ സ്വന്തം സഹോദരങ്ങളായി കണ്ടാണ് മഹല്ലാ ജമാ അത്ത് സ്വീകരിക്കുന്നത്. തീർഥാടകർക്ക് ആവശ്യമായ ശുദ്ധജല സൗകര്യം ആംബുലൻസ് സൗകര്യം, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ എന്നിവ ഇവിടെ തയാറാണ്.

ഇതുകൂടാതെ 500 തീർഥാടകർക്ക് വിരി വയ്ക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ പ്രധാന ഉത്സവമായ ചന്ദനക്കുട ഉത്സവത്തിനും പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനും പള്ളിക്കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. പി.എ. ഇർഷാദ് ആണ് മഹല്ലാ ജമ അത്ത് പ്രസിഡന്റ്. സിഎഎം കരിം സെക്രട്ടറി.

എരുമേലിയിൽ പേട്ടതുള്ളലിന്റെ ആവേശം
എരുമേലി ∙ കനത്ത മഴയിലും ആവേശം ചേരാതെ പേട്ടതുള്ളൽ. എരുമേലി നഗരത്തിൽ ഇന്നലെ ഉച്ചമുതൽ കനത്ത മഴയാണ് പെയ്തത്. എന്നാൽ മഴ വകവയ്ക്കാതെയാണ് തീർഥാടകർ പേട്ട തുള്ളിയത്.

താഴത്തുവീട്ടിൽ  കുടുംബത്തിന്റെ  അന്നദാനം നാളെ  അമ്പലപ്പുഴയിൽ
എരുമേലിയിലെ പുരാതന മുസ്‌ലിം കുടുംബമായ താഴത്തുവീട്ടിലെ പിന്മുറക്കാരുടെ വകയായി നാളെ  അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അന്നദാനം നടക്കും. വാവരു സ്വാമിയുടെ പ്രതിനിധിയായി പേട്ടതുള്ളലിനെ അനുഗമിച്ചിരുന്ന താഴത്തുവീട്ടിൽ ഹസ്സൻ റാവുത്തറും അമ്പലപ്പുഴ പേട്ടതുള്ളൽ സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരും തമ്മിലുള്ള അത്മബന്ധത്തിന്റെ തുടർച്ചയായിട്ടാണ് താഴത്തുവീട്ടിൽ കുടുംബത്തിന്റെ വകയായി അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്നദാനം ആരംഭിച്ചത്. കുടുംബനാഥന്റെ മരണ ശേഷവും13 വർഷമായി ഇത് മുടങ്ങാതെ മക്കൾ നടത്തി പോരുകയാണ്. എച്ച് സലാം എംഎൽഎ അന്നദാനം ഉദ്ഘാടനം ചെയ്യും.

താവളം ഡിസ്പെൻസറി ഉദ്ഘാടനം 
എരുമേലി താവളം ഡിസ്‌പെൻസറി ഉദ്ഘാടനവും വിശുദ്ധിസേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു.  മെഡിക്കൽ ഓഫിസർ ഡോ. റെക്സൺ പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ. പ്രിയ,

ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷ്റഫ്, വാർഡ് അംഗം നാസർ പനച്ചി, ഡപ്യൂട്ടി ഡിഎംഒമാരായ ഡോ. പി.എൻ. വിദ്യാധരൻ, ഡോ. സിതാര, മാസ് മീഡിയ ഓഫിസർ ജോസ് അഗസ്റ്റിൻ, ടെക്നിക്കൽ അസിസ്റ്റൻറ് ഇ.കെ. ഗോപാലൻ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര എന്നിവർ പങ്കെടുത്തു. തമിഴ്നാട്ടിൽ നിന്ന് 125 വിശുദ്ധിസേനാ അംഗങ്ങളാണ് ശുചീകരണത്തിന് എത്തിയിട്ടുള്ളത്.

അഗ്നിരക്ഷാ സേന പ്രവർത്തിക്കുന്ന സ്ഥലം ചെളിക്കുളമായി
തീർഥാടന കാലത്ത് എരുമേലിയിലെ സേവനത്തിന് എത്തിയ അഗ്നിരക്ഷാ സേനാ യൂണിറ്റ് പ്രവർത്തിക്കുന്ന ദേവസ്വം ബോർഡ് സ്കൂൾ പരിസരം മഴയിൽ ചെളിക്കുളമായി. ദേവസ്വംബോർഡ് കെട്ടിട നിർമാണത്തിന്റെ ഭാഗമായി അവിടെ നിന്നുള്ള ലോഡ് കണക്കിനു മണ്ണ് ഇവിടെ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ താൽക്കാലിക സംവിധാനമായി വഴി വെട്ടിയാണ് അഗ്നിരക്ഷാസേന വാഹനങ്ങളും പാർക്കിങ് സജ്ജമാക്കിയത്. എന്നാൽ മഴയിൽ മണ്ണ് ഒഴുകി വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലം ചെളി നിറഞ്ഞു. 

ചെളി ഒലിച്ചിറങ്ങി സമീപത്തെ ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തിൽ നിർത്തിയിട്ടിരുന്ന 9 വാഹനങ്ങളുടെ ടയറുകൾ ചെളിയിൽ കറങ്ങി. ഏറെ പാടുപെട്ടാണ് ഇവിടെ നിന്ന് വാഹനങ്ങൾ കൊണ്ടുപോയത്. 7 ആധുനിക വാഹനങ്ങൾ അടക്കം എല്ലാ സജ്ജീകരണങ്ങളോടെയും ആണ് അഗ്നിരക്ഷാസേനാ യൂണിറ്റ് പ്രവർത്തിക്കുന്നത്. അഗ്നിരക്ഷാ സേനാ  യൂണിറ്റ് ഫോൺ:  04828– 212300

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT