ADVERTISEMENT

പാലാ ∙ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന്റെ പാലാ നിയോജക മണ്ഡലത്തിലെ പരിപാടി സംഘടിപ്പിക്കുന്നതു ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കുള്ള പാലാ നഗരസഭാ സ്റ്റേഡിയത്തിൽ. പതിനായിരത്തോളം ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ പന്തൽ നിർമാണമുൾപ്പെടെ സിന്തറ്റിക് ട്രാക്കിനു കേടുപാടുണ്ടാക്കുമെന്ന ആശങ്കയുമായി കായികപ്രേമികൾ.

ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് ആയതിനാൽ സംസ്ഥാന– ദേശീയ മത്സരങ്ങൾക്കു പോകേണ്ട കായികതാരങ്ങൾ പരിശീലനത്തിനായി പാലായിലാണ് എത്തുന്നത്. ജില്ലയിൽ നടക്കുന്ന വിവിധ അത്‌ലറ്റിക് മത്സരങ്ങളും സിന്തറ്റിക് ട്രാക്കുള്ളതിനാൽ പാലായിൽ മാത്രമാണു നടത്തുന്നത്. ഇപ്പോൾത്തന്നെ അറ്റകുറ്റപ്പണി കാത്തുകിടക്കുകയാണു ട്രാക്ക്. സ്റ്റേഡിയത്തിനു നടുവിലുള്ള പുൽമൈതാനത്തു പരിപാടിക്കായുള്ള പന്തൽ സ്ഥാപിക്കാനാണു തയാറെടുപ്പ്. 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ പന്തൽ സ്ഥാപിക്കും. 7500 പേരെയാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇത് 10,000 വരെയാകാം. രണ്ടു പ്രവേശന കവാടങ്ങളാണു സ്റ്റേഡിയത്തിലേക്കുള്ളത്.

സ്റ്റേഡിയത്തിലേക്കു വാഹനങ്ങൾ കയറ്റാതെയാകും പരിപാടി നടത്തുകയെന്നാണു വിശദീകരണം. എന്നാൽ പന്തൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പുൽമൈതാനത്തിന്റെ നാലു വശവും സിന്തറ്റിക് ട്രാക്കുണ്ട്. പരിപാടിക്കായി എത്തുന്നവർ വിവിധ തരത്തിലുള്ള ചെരിപ്പുകളും ഷൂസുകളും ഉപയോഗിച്ചു സിന്തറ്റിക് ട്രാക്കിൽ കയറുന്നതു ട്രാക്കിനു കേടുപാടുണ്ടാക്കും. പന്തൽ നിർമാണ സാമഗ്രികൾ ട്രാക്കിലൂടെയല്ലാതെ അകത്തേക്ക് എത്തിക്കാനാകില്ല. നിലവാരമുള്ള സ്റ്റേഡിയങ്ങളിൽ അനുവദനീയമല്ലാത്ത ഷൂസുകളും ചെരിപ്പുകളും ഉപയോഗിച്ചു ട്രാക്കിൽ കയറാൻ കായികതാരങ്ങളെപ്പോലും അനുവദിക്കാറില്ല.

പ്രവേശനകവാടത്തിൽ നിന്നു പുൽമൈതാനത്തേക്കു പ്രവേശിക്കുന്ന സ്ഥലത്തെ സിന്തറ്റിക് ട്രാക്ക് മൂടി പരവതാനി വിരിക്കുമെന്നു നഗരസഭാധ്യക്ഷ ജോസിൻ ബിനോ പറയുന്നു. പന്തൽ നിർമാണ സാമഗ്രികൾ സ്റ്റേഡിയത്തിലേക്കു ചുമന്ന് എത്തിക്കുമെന്നും വിശദീകരിക്കുന്നു. എന്നാൽ ഒന്നോ രണ്ടോ സ്ഥലത്തു മാത്രം പരവതാനി വിരിച്ചാൽ ട്രാക്ക് എത്രത്തോളം സംരക്ഷിക്കാനാകുമെന്ന സംശയമാണു കായികപ്രേമികൾ ഉയർത്തുന്നത്.  പാലാ നഗരത്തിനു സമീപം വിവിധ മൈതാനങ്ങൾ ഉള്ളപ്പോഴാണു നഗരസഭാ സ്റ്റേഡിയം തന്നെ നവകേരള സദസ്സിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 18നു സിബിഎസ്ഇ ജില്ലാ ചാംപ്യൻഷിപ് സ്റ്റേഡിയത്തിലാണു നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com