സിപിഐ വനിതാനേതാവിന്റെ ഭർത്താവിന്റെ കയ്യേറ്റമൊഴിപ്പിക്കൽ; വില്ലേജ് ഓഫിസറെ സ്ഥലം മാറ്റി

Mail This Article
മൂന്നാർ ∙ ദേവികുളത്തു സിപിഐ വനിതാനേതാവിന്റെ ഭർത്താവിന്റെ കയ്യേറ്റം ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ കെഡിഎച്ച് വില്ലേജ് ഓഫിസറെ തൽസ്ഥാനത്തു നിന്നു നീക്കി. വില്ലേജ് ഓഫിസറായിരുന്ന ഡപ്യൂട്ടി തഹസിൽദാർ മനോജ്കുമാറിനെയാണു ദേവികുളം താലൂക്ക് ഓഫിസിലേക്കു സ്ഥലംമാറ്റിയത്. താലൂക്കിലെ തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി തഹസിൽദാർ അനൂപാണു പുതിയ കെഡിഎച്ച് വില്ലേജ് ഓഫിസർ. കഴിഞ്ഞ ഒന്നാം തീയതിയാണ് ആർഡിഒ ഓഫിസിനു മുൻപിൽ സിപിഐ ജില്ലാ കമ്മിറ്റിയംഗമായ ശാന്തി മുരുകന്റെ ഭർത്താവ് സർക്കാർ ഭൂമിയിൽ നടത്തിയ കയ്യേറ്റം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. ഇതിനെതിരെ സിപിഐ നേതാക്കൾ രംഗത്തെത്തുകയും വില്ലേജ് ഓഫിസറെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എൻജിഒ യൂണിയനിൽപെട്ട വില്ലേജ് ഓഫിസർ സിപിഎം നേതാക്കളുടെ നിർദേശപ്രകാരമാണു വനിതാനേതാവിന്റെ ഭർത്താവിന്റെ കയ്യേറ്റം ഒഴിപ്പിച്ചതെന്നാരോപിച്ചു റവന്യു മന്ത്രിയടക്കമുള്ളവർക്കു സിപിഐ നേതാക്കൾ പരാതി നൽകിയിരുന്നു. ഒഴിപ്പിക്കൽ വിവാദവുമായി ബന്ധപ്പെട്ടു ദേവികുളത്തു സിപിഎം- സിപിഐ നേതാക്കൾ തമ്മിൽ വാഗ്വാദങ്ങൾ ഉണ്ടാകുകയും പരസ്പരം പഴിചാരി വീടുകൾ തോറും ഇരുപാർട്ടികളും നോട്ടിസ് വിതരണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ സ്ഥലംമാറ്റം.