ഫാത്തിമമാതാ പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Mail This Article
ചങ്ങനാശേരി ∙ ഫാത്തിമാപുരം ഫാത്തിമമാതാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. 75 വർഷങ്ങളുടെ ആധ്യാത്മിക നിറവിൽ നിൽക്കുന്ന പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്കാണ് ഇന്നലെ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി തിരി തെളിഞ്ഞത്. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെയും സഭയുടെയും വളർച്ചയ്ക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്തും ആതുര സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ രംഗത്തും സഭ കൈവരിച്ച നേട്ടം വിലപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി ഫാ. ആന്റണി എത്തയ്ക്കാട്ട്, വികാരി ഫാ. ഡോ. സേവ്യർ പുത്തൻകുളം, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പാറത്താനം, ജനറൽ കൺവീനർ ലാലി ഇളപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു. പുതിയതായി നിർമിക്കുന്ന പള്ളിയുടെ അടിസ്ഥാനശില ആശീർവാദവും ഡയറക്ടറി പ്രകാശനവും നിർവഹിച്ചു. ഇന്നു രാവിലെ 7ന് അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ കുർബാന അർപ്പിക്കും. തുടർന്ന് ജീവകാരുണ്യ, വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കൈക്കാരന്മാരായ ലാലു പാലത്തിങ്കൽ, ജോൺസൺ പ്ലാന്തോട്ടം, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.