മനോനില തെറ്റി വീടുവിട്ട ഉത്തരേന്ത്യൻ യുവതിക്കു കുടുംബത്തെ തിരികെ കിട്ടി; ഫലം കണ്ടത് വൈക്കം എഎസ്പിയുടെ ഇടപെടൽ
Mail This Article
കടുത്തുരുത്തി ∙ മനോനില തെറ്റി 25 വർഷം മുൻപ് വീടു വിട്ടിറങ്ങിയ മഹാരാഷ്ട്ര സ്വദേശിനിയെ തിരിച്ചറിഞ്ഞ് സഹോദരൻ. കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞ രേണുക, സഹോദരൻ ശാന്താറാം ബെഡേക്കർക്കും ബന്ധുക്കൾക്കും ഒപ്പം മഹാരാഷ്ട്രയിലേക്ക് മടങ്ങി. വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖ് നടത്തിയ അന്വേഷണത്തിലാണ് രേണുകയ്ക്ക് കുടുംബാംഗങ്ങളെ തിരികെ ലഭിച്ചത്. മഹാരാഷ്ട്ര കോലാപുർ സ്വദേശിനിയായ ഇവർ എട്ട് വർഷം മുൻപാണ് മാഞ്ഞൂർ ആശാ ഭവനിൽ എത്തിയത്. ട്രെയിനിൽ മനോനില തെറ്റിയ നിലയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ രേണുക ബഗർ ഹോമിലായിരുന്നു. പിന്നീടാണ് മനോനില തെറ്റിയ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന മാഞ്ഞൂരിലെ മേമ്മുറിയിലെ ദൈവദാസൻ കുഞ്ഞച്ചൻ മെമ്മോറിയൽ ആശാഭവനിൽ എത്തുന്നത്. കഴിഞ്ഞ ഓണത്തിന് ആശ ഭവനിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ നൽകാൻ കടുത്തുരുത്തി ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി മഹാരാഷ്ട്ര നാസിക് സ്വദേശിയായ വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖ് എത്തിയതാണ് വഴിത്തിരിവായത്. മറാത്തി മാത്രം സംസാരിക്കുന്ന രേണുകയോട് എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖ് സംസാരിച്ചു.
മഹാരാഷ്ട്രയിലെ കോലാപുർ ഹാറ്റാകാൻ ഗലെ താലൂക്കിലെ ഹെർലെയാണ് രേണുകയുടെ ഗ്രാമമെന്നു മനസ്സിലാക്കിയ എഎസ്പി അിടുത്തെ പൊലീസുമായി ബന്ധപ്പെടുകയും രേണുകയുടെ ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. സഹോദരൻ ശാന്താറാം ബെഡേക്കാറും രണ്ട് മക്കളും ബന്ധുവും മേമ്മുറി ആശാ ഭവനിൽ ഇന്നലെ എത്തി. ഇരുവരും പരസ്പരം തിരിച്ചറിഞ്ഞു. വിവാഹിതയായിരുന്നു രേണുകയെന്നും മനോനില തെറ്റിയ രേണുകയെ 25 വർഷം മുൻപ് കാണാതായതോടെ പരാതി നൽകുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നതായി ശാന്താറാം പറഞ്ഞു. ഭർത്താവ് ഏതാനും വർഷം മുൻപ് മരിച്ചു. ഇവർക്ക് മക്കളില്ല. എട്ട് വർഷം തങ്ങളോടൊപ്പം കഴിഞ്ഞ രേണുകയ്ക്ക് പുതുവസ്ത്രങ്ങളും മാലയും വളയുമെല്ലാം വാങ്ങി നൽകിയാണ് അന്തേവാസികൾ യാത്രയാക്കിയത്. രേണുകയെ യാത്രയാക്കാൻ എഎസ്പി. നകുൽ രാജേന്ദ്ര ദേശ്മുഖും കടുത്തുരുത്തി പൊലീസും എത്തിയിരുന്നു. ആശാഭവൻ ഭാരവാഹികളായ എ.ജെ. തോമസ്, കെ.വി. മാത്യൂസ്, മാത്യു കരിനാട്ട്, ജനമൈത്രി ഭാരവാഹികളായ എ.എൻ. കൃഷ്ണൻകുട്ടി, സജി കാർത്തിക ജനപ്രതിനിധികളായ മാനുവൽ വർഗീസ്, സുനു ജോർജ്, സി.എം. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.