ADVERTISEMENT

വൈക്കം ∙ ആചാര പെരുമയോടെ വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണം സമർപ്പിക്കൽ നടന്നു. അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി സമൂഹങ്ങൾ നടത്തുന്ന സന്ധ്യ വേലയുടെ ആദ്യ ദിനത്തിൽ വൈക്കം സമൂഹമാണ് ഒറ്റപ്പണം സമർപ്പണം നടത്തിയത്. ബലിക്കൽപുരയിൽ വെള്ള പട്ടു വിരിച്ചു സമൂഹം സെക്രട്ടറി കെ.സി.കൃഷ്ണമൂർത്തി ഒറ്റപ്പണം സമർപ്പണത്തിന് ക്ഷണിച്ചു. സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തു പെരുംതൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് ഇല്ലം, മേൽശാന്തിമാർ, കീഴ്ശാന്തി മാർ, പടിഞ്ഞാറേടത്ത് ഇല്ലത്ത് മൂസത്, കിഴക്കിനേടത്ത് മൂസത് , പട്ടോലക്കാർ, കിഴിക്കാർ എന്നിവരുടെ പേരു വിളിച്ച മുറയ്ക്ക് എത്തി പണം സമർപ്പിച്ചു. സമർപ്പിച്ച പണം കിഴിയാക്കി സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രൻ തലച്ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കിഴിപ്പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി. പിന്നീട് ആ കിഴിപ്പണത്തിൽ നിന്നും ഒരു പണം എടുത്ത് കിഴിയായി സൂക്ഷിച്ചു. ഇത് അടുത്ത സന്ധ്യ' വേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും  '.ചടങ്ങിൽ പി.വി.രാമനാഥൻ, സുബ്രഹ്മണ്യൻ അംബികാ വിലാസ്, ഗോപാലകൃഷ്ണൻ ഇരുമ്പുഴിക്കുന്നുമഠം  അർജുൻ ത്യാഗരാജൻ എന്നിവർ പങ്കെടുത്തു.

അരി അളക്കൽ ഇന്ന്
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ മുന്നോടിയായി തെലുങ്ക് - കന്നഡ സമൂഹം നടത്തുന്ന സമൂഹ സന്ധ്യ വേല നാളെ  നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വൈക്കം ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടാവും. സന്ധ്യ വേലയുടെ പ്രാതലിനുള്ള അരി അളക്കൽ ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര കലവറയിൽ പ്രസിഡന്റ് എം. നീലകണ്ഠ അയ്യർ നിർവഹിക്കും

സമൂഹ സന്ധ്യ വേല ആരംഭിച്ചു
വൈക്കം ∙ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി സമൂഹങ്ങൾ നടത്തിവരുന്ന സമൂഹ സന്ധ്യ വേല ആരംഭിച്ചു. വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയാണു ആദ്യം നടന്നത്. പ്രഭാത പൂജകൾക്ക് ശേഷം ഭഗവാന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നളിച്ചു ഗജവീരൻ വേമ്പനാട് അർജുനൻ തിടമ്പേറ്റി. വൈക്കം ഹരിഹര അയ്യരും ക്ഷേത്ര കലാപീഠവും മേളം ഒരുക്കി. വൈകിട്ട് വിളക്കെഴുന്നള്ളിപ്പ് നടന്നു.

കരയോഗങ്ങളുടെ കുലവാഴ പുറപ്പാട് 23ന് 
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ മുന്നോടിയായി എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ടൗണിലെ 6 എൻഎസ്എസ് കരയോഗങ്ങൾ സംയുക്തമായി നടത്തുന്ന കുലവാഴ പുറപ്പാട് 23ന് നടത്തും. 23ന് വൈകിട്ട് 4.30ന് വടക്കേ നട കൊച്ചു ഭഗവതിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വലിയ കവല - കൊച്ചാലും ചുവട് വഴി ക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തും. കുലവാഴ പുറപ്പാട് ദീപാരാധനയ്ക്ക് ശേഷം വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കും.

 1880–ാം നമ്പർ പടിഞ്ഞാറ്റുംചേരി വടക്കേമുറി, 1878–ാം നമ്പർ കിഴക്കും ചേരി വടക്കേ മുറി, 1573 നമ്പർ കിഴക്കും ചേരി നടുവിലെ മുറി, 1603–ാം നമ്പർ കിഴക്കും ചേരി തെക്കേമുറി, 1820–ാം പടിഞ്ഞാറ്റുംചേരി തെക്കേ മുറി 1634–ാം പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേ മുറി എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലാണ് കുലവാഴപുറപ്പാട് നടത്തുന്നത്. പൂത്താലം, ചമയങ്ങളണിഞ്ഞ് ഗജവീരൻ നിശ്ചല ദൃശ്യം, കാവടി, മുത്തുക്കുടകൾ കീഴൂർ മധുസൂദന കുറുപ്പിന്റെ പഞ്ചവാദ്യവും, തേരോഴി രാമ കുറുപ്പിന്റെ ചെണ്ടമേളം എന്നിവ അകമ്പടിയേകും. അലങ്കരിച്ച വാഹനത്തിലാണ് കുലവാഴയും കരിക്കിൻ കുലകളും ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങും. കൊടിമര ചുവട്ടിൽ കുലവാഴയും കരിക്കിൻ കുലകളും സമർപ്പിച്ച ശേഷം ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കുലവാഴയും കരിക്കിൻ കുലകളും കെട്ടി അലങ്കരിക്കും.

കൊടിയേറ്റ് ദിവസവും രണ്ടാം ഉത്സവ ദിവസവും കരയോഗങ്ങളുടെ വക പുഷ്പാലങ്കാരം, ലക്ഷദീപം, അഹസ്സ്, പ്രാതൽ വിവിധ കലാപരിപാടികളും ഉണ്ടാവും. കൊടിയേറ്റ് നാളിൽ കൊടി പുറത്തു വിളക്കും നടത്തും. വടക്കേ നട 1880–ാം നമ്പർ പടിഞ്ഞാറ്റുംചേരി വടക്കേ മുറി എൻഎസ്എസ് കരയോഗമാണ് കുലവാഴ പുറപ്പാടിന് ആതിഥേയത്വം വഹിക്കുന്നത്. കുലവാഴ പുറപ്പാടിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് പി.ജി.എം.നായർ കാരിക്കോട്, സെക്രട്ടറി കെ.രാജഗോപാൽ, വടക്കേനട കരയോഗം പ്രസിഡന്റ് കെ.പി.രവികുമാർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT