പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിയിൽ
Mail This Article
പൂഞ്ഞാർ ∙ മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിനെ ക്ഷീര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഏറെ ക്ഷീരകർഷർ ഉള്ളതും ഒന്നിലധികം ക്ഷീരോൽപാദക സംഘങ്ങൾ പ്രവർത്തിക്കുന്നതും ക്ഷീരോൽപാദന രംഗത്ത് മികച്ച നേട്ടം കൈവരിച്ചിട്ടുള്ളതുമായ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിനെ ക്ഷീര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ചു മന്ത്രി ജെ.ചിഞ്ചു റാണിക്കു നിവേദനം നൽകിയതിനെ തുടർന്നാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും എംഎൽഎ അറിയിച്ചു.
ക്ഷീര വികസന വകുപ്പ് അനുവദിച്ചിരിക്കുന്ന 25 ലക്ഷം രൂപയോടൊപ്പം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ കൂടി വിനിയോഗിച്ച് ആകെ 35 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷീര കർഷകർക്കു ലഭ്യമാക്കും. പദ്ധതി പ്രകാരം ക്ഷീരോൽപാദന യൂണിറ്റുകൾക്കു 30000രൂപയും കറവ ഇല്ലാത്ത പശുക്കളെ വാങ്ങുന്നതിനു 20000 രൂപയും കറവയോടു കൂടിയ പശുക്കളെ വാങ്ങുന്നതിന് 30000 രൂപയും ക്ഷീര കർഷകർക്കു സബ്സിഡിയായി ലഭിക്കും. കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്സിഡിയും ലഭിക്കും.
ക്ഷീര സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള കർഷകർക്ക് ആനുകൂല്യ ലഭ്യതയ്ക്ക് മുൻഗണന ഉണ്ടായിരിക്കും. തീറ്റപ്പുൽ കൃഷി, പാലിന്റെ ഗുണമേന്മ വർധനവിനുള്ള പദ്ധതി, കറവ യന്ത്രങ്ങൾ ഉൾപ്പെടെ യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനുള്ള ആനുകൂല്യങ്ങൾ, പാൽ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയും ക്ഷീര ഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഒരു വർഷ കാലയളവാണ് പദ്ധതിയുടെ കാലാവധി. ഭാവിയിൽ ക്ഷീരോൽപാദന രംഗത്ത് യന്ത്രവൽക്കരണവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കേന്ദ്രീകരിച്ച് ക്ഷീര ഉൽപ്പന്നങ്ങളുടെ മൂല്യ വർധിത ഉൽപന്ന നിർമാണ-വിപണന കേന്ദ്രവും ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു.