ശബരിമല തീർഥാടനം: നാട് ശുദ്ധിയാക്കി വിശുദ്ധിസേന

Mail This Article
എരുമേലി∙ തീർഥാടന മേഖലകൾ വൃത്തിയാക്കുന്ന വിശുദ്ധിസേന 20–ാം വർഷത്തിൽ. 2004ൽ ആണു തമിഴ്നാട്ടിൽ നിന്നു ശുചീകരണത്തിനായി തൊഴിലാളികൾ എത്തിയത്. 25 പേരിൽ നിന്നു തുടങ്ങി ഇപ്പോൾ 125 പേരുണ്ട്. രാവിലെയും വൈകിട്ടും നഗരം മുഴുവൻ ശുചിയാക്കും. വാഹനങ്ങളിൽ മാലിന്യം പഞ്ചായത്ത് സംസ്കരണ കേന്ദ്രത്തിൽ എത്തിച്ചു സംസ്കരിക്കും. വൃശ്ചികം ഒന്നു മുതൽ 65 ദിവസമാണ് സേവനം. ദിവസം 450 രൂപയാണ് പ്രതിഫലം. ദേവസ്വം ബോർഡാണ് ഭക്ഷണവും താമസവും പ്രതിഫലവും നൽകുന്നത്. ശബരിമലയിൽ 1991 മുതൽ വിശുദ്ധി സേനയുടെ സേവനമുണ്ട്. പി.എ.ഇൻഷാദ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, മന്ത്രി പാലോളി മുഹമ്മദ്കുട്ടി എരുമേലിയിൽ വിളിച്ച യോഗത്തിലാണ് എരുമേലിയിലും വിശുദ്ധിസേനയുടെ സേവനം വേണമെന്ന ആവശ്യമുയർന്നത്. ഇതിനു മുൻപു ശുചീകരണത്തൊഴിലാളികളെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കലായിരുന്നു പതിവ്. ആദ്യമായി ശുചീകരണത്തിന് എത്തിയത് മധുര സ്വദേശിയായ ഉദയസൂര്യനായിരുന്നു. ഇപ്പോൾ ഉദയസൂര്യന്റെ മകൻ യു.ആനന്ദനാണ് കോഓർഡിനേറ്റർ.

പാർക്കിങ് മൈതാനങ്ങൾ ചെളിക്കുളം
ഉച്ചയ്ക്കു ശേഷം പെയ്യുന്ന മഴ കാരണം എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ പ്രധാന പാർക്കിങ് മൈതാനങ്ങൾ ചെളിക്കുളമായി. ഷോപ്പിങ് കോംപ്ലക്സിനു മുന്നിലെ മൈതാനത്തു ചെളി നിറഞ്ഞതോടെ താവളം ഡിസ്പെൻസറിയിലേക്കു നടന്നുപോകാൻ പോലും ബുദ്ധിമുട്ടായി. ബസിൽ വന്നിറങ്ങുന്ന തീർഥാടകർക്കു ചെളിയിൽ ചവിട്ടാതെ പുറത്തിറങ്ങാൻ കഴിയില്ല. ക്ഷേത്ര നടപ്പന്തലിനോടു ചേർന്നുള്ള മൈതാനത്തും ചെളിയാണ്. പാർക്കിങ് മൈതാനങ്ങൾ ടൈൽ പാകാനുള്ള പദ്ധതി ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നിട്ടില്ല.
പരാതിപ്പെട്ടികൾ സ്ഥാപിച്ചു
പൊതുവിതരണ വകുപ്പ് എരുമേലി വലിയമ്പലം, വാവരു പള്ളി എന്നിവയ്ക്കു സമീപം പരാതിപ്പെട്ടികൾ സ്ഥാപിച്ചു. എരുമേലി റവന്യു കൺട്രോൾ റൂം ചാർജ് ഓഫിസർ കൂടിയായ ഡപ്യൂട്ടി തഹസിൽദാർ ടി.എസ്.സനൽ കുമാർ, റേഷനിങ് ഇൻസ്പെക്ടർ പി.വി.സജീവ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജി, ലീഗൽ മെട്രോളജി ഇൻസ്പെക്ടിങ് അസിസ്റ്റന്റ് വി.സി.മനോജ്, എം.ആർ.നൗഷാദ് എന്നിവർ പങ്കെടുത്തു.
വെർച്വൽ ക്യു ബുക്കിങ് കൗണ്ടറുകൾ ആരംഭിച്ചു
ശബരിമല ദർശനത്തിനു 2 വെർച്വൽ ക്യു ബുക്കിങ് കൗണ്ടറുകൾ എരുമേലി ധർമ ശാസ്താ ക്ഷേത്ര ഓഫിസിൽ ആരംഭിച്ചു. 2 ദിവസത്തിനുള്ളിൽ 300 പേർ ബുക്ക് ചെയ്തു.
ഭൂമിപൂജ ഇന്ന്
അഖില തിരുവിതാംകൂർ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ കാളകെട്ടി ശിവ പാർവതി ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർഥനയും ശബരിമല തീർഥാടകരെ സ്വീകരിക്കലും ഇന്ന് 9നു നടക്കും. 18 മലകൾക്കും 18 നാളികേരം ഉടച്ചു ഭൂമിപൂജ നടത്തും. കാനന പാതയിലൂടെ എത്തുന്ന വരുടെ കാൽകഴുകി സ്വീകരിക്കും.

ജല സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു
എരുമേലി ∙ ശബരിമല മണ്ഡല മകരവിളക്ക് സീസണിന് മുന്നോടിയായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുടിവെള്ള സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. പ്രധാന താവളങ്ങളായ വലിയമ്പലം, കൊച്ചമ്പലം, വാവർ പള്ളി, സിഎച്ച്സി, തീർഥാടകർ തങ്ങുന്ന മറ്റു പൊതുസ്ഥലങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ളം ശേഖരിച്ചാണ് പത്തനംതിട്ട പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചത്. എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, ഗോപകുമാർ, കെ.ജിതിൻ, സജിത് സദാശിവൻ, പ്രശാന്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. തുടർ പരിശോധനകൾ ഉണ്ടായിരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
പൊലീസുകാർക്ക് പരിശീലനം
പൊൻകുന്നം∙ ശബരിമല തീർഥാടനകാലത്തെ സേവനത്തിനു തിരഞ്ഞെടുത്ത സ്പെഷൽ പൊലീസ് സേനാംഗങ്ങൾക്കു പരിശീലനം നൽകി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. എഎസ്പി വി.സുഗതൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, ജോയിന്റ് ആർടിഒ എസ്.സഞ്ജയ്, എസ്എച്ച്ഒമാരായ ഷൈൻകുമാർ, നിർമൽ ബോസ്, ഇ.ഡി.ബിജു എന്നിവർ പങ്കെടുത്തു. 235 പേർ പങ്കെടുത്തു.