ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ദേശീയപാത 183 വഴി ശബരിമലയിലേക്കു പോകുന്ന തീർഥാടകർ അനുഭവിക്കാൻ പോകുന്ന എറ്റവും വലിയ ദുരിതം കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കായിരിക്കും. കാരണം ശബരിമല തീർഥാടന കാലം എത്തിയിട്ടും ടൗണിലെ ഗതാഗതം സുഗമമാക്കാൻ നടപടികളില്ല. മുൻ വർഷങ്ങളിൽ തീരുമാനിച്ച ഗതാഗത പരിഷ്കാരങ്ങൾ കടലാസിലും പ്രഖ്യാപനത്തിലും ഒതുങ്ങി. 

കറുകച്ചാൽ - മണിമല റോഡിൽ പത്തനാട് ഭാഗത്തെ കുഴികൾ.
കറുകച്ചാൽ - മണിമല റോഡിൽ പത്തനാട് ഭാഗത്തെ കുഴികൾ.

ആയിരക്കണക്കിനു വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ടൗണിൽ ഗതാഗതക്കുരുക്ക് പതിവാണ്. മണ്ഡലകാലത്ത് ഇത് ഇരട്ടിയിലേറെയായി വർധിക്കും. ഗതാഗതം സുഗമമാക്കാൻ മുൻപു പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി ചേർന്നെടുത്ത ട്രാഫിക് പരിഷ്കാരങ്ങൾ ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

അശാസ്ത്രീയ ട്രാഫിക് സംവിധാനം

നിലവിൽ ടൗണിലെ ട്രാഫിക് സംവിധാന പലതും അശാസ്ത്രീയമാണ്. ടൗണിലെ പ്രധാന ജംക്‌ഷനായ പേട്ടക്കവലയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് സിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചത് ഏതാനും ദിവസങ്ങൾ മാത്രമാണ്. സിഗ്നൽ ലൈറ്റും, ബസ് കാത്തിരിപ്പു കേന്ദ്രവും അടുത്തടുത്ത് വന്നതാണു ഗതാഗതം താറുമാറാകൻ കാരണമായത്. ഗതാഗത നിയന്ത്രണം അവതാളത്തിലായതോടെ സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. തുട്ര‍ന്നാണ് ട്രാഫിക് കമ്മിറ്റി ചേർന്ന് തീരുമാനങ്ങൾ എടുത്ത് അനുമതിക്കായി മോട്ടർ വാഹന വകുപ്പിന് സമർപ്പിച്ചിട്ടു വർഷങ്ങളായി.

അപകടസാധ്യതകൾ

 േശീയ പാതിയിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിലും വളവുകളിലും വേഗ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ദേശീയ പാതയിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഓവർടേക്കിങ് സാധ്യത ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന് മോട്ടർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ടിനും വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

ദൂരക്കാഴ്ച മറയ്ക്കും വിധം വളവുകളിൽ പാതയോരങ്ങളിൽ കാടു നിറഞ്ഞത് വെട്ടിമാറ്റിയിട്ടില്ല. ദേശീയ പാതയിൽ ടൗണുകളിൽ ഉൾപ്പെടെ പലയിടങ്ങളിലെയും സീബ്രാ വരകളും മാഞ്ഞു. മഴ പെയ്താൽ റോഡിലേക്കു വെള്ളം കയറി ഒഴുകുന്നതും, റോഡുകളിലെ വെള്ളക്കെട്ടും ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല.

ട്രാഫിക് കമ്മിറ്റി തീരുമാനങ്ങൾ

പേട്ട ജംക്‌ഷനിൽ പടിഞ്ഞാറു ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ് കാൾടെക്സ് പെട്രോൾ പമ്പിന് എതിർവശത്ത് കെഎസ്എഫ്ഇ ശാഖയ്ക്കു മുന്നിലേക്ക് മാറ്റാനും, കിഴക്കോട്ടുള്ള ബസുകൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും 25 മീറ്റർ മുന്നോട്ടു മാറ്റി നിർത്താനും നടപടികൾ സ്വീകരിക്കാൻ ട്രാഫിക് കമ്മിറ്റിയിൽ തീരുമാനിച്ചിരുന്നു. ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ മാറ്റി സ്ഥാപിക്കുക, ദേശീയ പാതയോരത്തെ അനധികൃത പാർക്കിങ് നിരോധിക്കുക, ടൗണിൽ നടപ്പാതകളിലും, വാഹനങ്ങളിലും വച്ചുള്ള കച്ചവടം നിരോധിക്കുക. 

പുത്തനങ്ങാടി റോഡ് വൺവേ ആക്കുക തുടങ്ങിയവയായിരുന്നു തീരുമാനങ്ങൾ. പുത്തനങ്ങാടി റോഡിലും ദേശീയ പാതയിൽ പേട്ടക്കവല മുതൽ കുരിശുങ്കൽ വരെയും ഒരു വശത്ത് മാത്രം പാർക്കിങ് അനുവദിക്കുക. ടൗണിൽ തിരക്കേറിയ സമയങ്ങളായ രാവിലെ എട്ടു മുതൽ 10 വരെയും വൈകിട്ട് മൂന്നര മുതൽ അഞ്ചര വരെയും കയറ്റിറക്കു നിരോധിക്കാനും ട്രാഫിക് കമ്മിറ്റി തീരുമാനങ്ങളിലുണ്ടായിരുന്നു.

മണ്ഡലകാലത്തിനു മുൻപ് ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ മോട്ടർ വാഹന വകുപ്പും പൊലീസും, പഞ്ചായത്തും ദേശീയ പാത വിഭാഗവും ചേർന്നു നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. 

കറുകച്ചാൽ - മണിമല റോഡ് തകർന്നു;വ്യാപാരികൾ കടയടച്ച് സമരത്തിന്

പരമ്പരാഗത ശബരിമല പാതയായ കറുകച്ചാൽ - മണിമല റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 12 വരെ ജനകീയ സമരം നടക്കും. മേഖലയിലെ വ്യാപാരികൾ കടയടച്ച് റോഡ് ഉപരോധിച്ചാണ് സമരം നടത്തുന്നത്.

സമരത്തിന് 3 യൂണിറ്റ്

കേരള വ്യാപാരി ഏകോപന സമിതി മണിമല, കങ്ങഴ, നെടുംകുന്നം യൂണിറ്റുകളാണ് സമരരംഗത്തുള്ളത്. രാവിലെ 11നു പ്രകടനമായി എത്തി മണിമലയിലെ വ്യാപാരികൾ ബസ് സ്റ്റാൻഡ് കവാടത്തിലും കങ്ങഴയിലെ വ്യാപാരികൾ പത്തനാട് കവലയിലും നെടുംകുന്നത്തെ വ്യാപാരികൾ നെടുംകുന്നം ടൗണിലും റോഡ് ഉപരോധിക്കും. റോഡ് തകർന്നു തരിപ്പണമായതോടെ ഇടപാടുകാർ മറ്റു വഴികളെ ആശ്രയിക്കുകയാണ്. മേഖലയിലെ വ്യാപാരം 50% കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു.

നടുവൊടിച്ച് കുഴി 

റോഡിലെ നടുവൊടിക്കുന്ന കുഴികൾക്കു പുറമേ റോഡിന് ഇരുവശവും കാട് കയറി മൂടിയതും ചേർന്ന് കറുകച്ചാൽ – മണിമല റോഡിലെ യാത്ര ഏറെ ദുരിതമായി. 16 കിലോമീറ്റർ ദൂരമുള്ള റോഡ് കറുകച്ചാൽ, വാഴൂർ, എരുമേലി പിഡബ്ല്യുഡി സെക്‌ഷനുകളിലാണ്. റോഡിന്റെ 70% ഭാഗം തകർന്നിട്ടു കാലമേറെയായി. 8 വർഷം മുൻപാണു റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തു നവീകരിച്ചത്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ തകർന്നു. ഇപ്പോൾ മിക്കയിടങ്ങളിലും ടാറിങ് തകർന്ന് കുഴികൾ മാത്രമാണുള്ളത്. കൊടുംവളവുകൾ ഏറെയുള്ള റോഡിന്റെ വശങ്ങളിൽ കാടു വളർന്നതു മൂലം എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല.

ചെളി,പൊടി

മഴക്കാലം ആരംഭിച്ചതോടെ വെള്ളക്കെട്ടും വലിയ ഗർത്തങ്ങളുമായി റോഡിന്റെ അവസ്ഥ കൂടുതൽ ശോചനീയമാണ്. മഴ മാറി വെയിൽ തെളിയുന്നതോടെ റോഡിലെ കുഴികളിലെ വെള്ളക്കെട്ട് പൊടിയായി മാറും. ഓടകളില്ലാത്തതാണു റോഡ് തകരുന്നതിനു പ്രധാന കാരണം. മഴക്കാലത്തു പല ഭാഗങ്ങളിലും ഉറവകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT