ADVERTISEMENT

കോട്ടയം ∙ ശബരിമല തീർഥാടകർ എത്തിത്തുടങ്ങിയതോടെ തിരക്കിലേക്കു കോട്ടയം. ഈ സീസണിലെ ആദ്യ ശബരി സ്പെഷൽ ട്രെയിനുകൾ ഇന്നു കോട്ടയത്ത് എത്തും. ചെന്നൈ സെൻട്രൽ– കോട്ടയം സ്പെഷൽ ഉച്ചയ്ക്ക് 1.10നും നർസപുർ – കോട്ടയം സ്പെഷൽ വൈകിട്ട് 4.50നും കോട്ടയത്ത് എത്തും. സെക്കന്ദരാബാദിൽ നിന്നു കോട്ടയം വഴി കൊല്ലത്തേക്കുള്ള രണ്ടാമത്തെ ശബരി സ്പെഷൽ രാത്രി 9.55നും കോട്ടയത്ത് എത്തും. കൂടുതൽ സ്പെഷൽ ട്രെയിനുകൾ അടുത്ത ദിവസങ്ങളിൽ വരും.

റെയിൽവേ സ്റ്റേഷൻ ഒരുങ്ങി

കോട്ടയം സ്റ്റേഷനിൽ  തീർഥാടകർക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കിയെന്നു സ്റ്റേഷൻ മാനേജർ ബാബു തോമസ് പറഞ്ഞു.പ്രധാന കെട്ടിടത്തിനു പുറത്തുള്ള പിൽഗ്രിം സെന്ററിന്റെ രണ്ടു നിലയും തീർഥാടകർക്കായി തുറന്നു. ഒരേ സമയം 800 പേർക്ക് ഉപയോഗിക്കാം. 20 ശുചിമുറികളും 20 കുളിമുറികളുമുണ്ട്. താഴത്തെ നിലയിൽ തീർഥാടകർക്കു സാധനങ്ങൾ സൂക്ഷിക്കാൻ ക്ലോക്ക്റൂമുണ്ട്. കേരളത്തിലെ ഏക ശബരിമല പിൽഗ്രിം സെന്ററാണു കോട്ടയത്തേത്.

ഒന്നാം പ്ലാറ്റ്ഫോമിൽ ശുചിമുറി സൗകര്യങ്ങളോടെ ജനറൽ വെയ്റ്റിങ് ഹാളിൽ ഒരേ സമയം 70 പേർക്ക് വിശ്രമിക്കാം. ഇത് ഏതു വിഭാഗം ടിക്കറ്റുള്ളവർക്കും ഉപയോഗിക്കാം. ഉയർന്ന ക്ലാസ് യാത്രക്കാരുടെ വിശ്രമസ്ഥലം ഒരാഴ്ചയ്ക്കകം തുറക്കും. ഇവിടെയും ഒരേ സമയം 70 പേർക്ക് ഉപയോഗിക്കാം. തുടർയാത്രയ്ക്കായി കെഎസ്ആർടിസി ബസുകൾ തയാറാണ്. 4 ബസുകൾ സ്റ്റേഷനിൽ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പ്രി പെയ്ഡ് ടാക്സി കൗണ്ടറും പ്രവർത്തനം ആരംഭിച്ചു.

3 ലക്ഷം കടന്ന് കെഎസ്ആർടിസി

വൃശ്ചികം ഒന്നിനു തീർഥാടനത്തിന്റെ ആദ്യദിനം 3.25 ലക്ഷം രൂപയുടെ കലക്‌ഷനാണു കോട്ടയത്തുനിന്നു കെഎസ്ആർടിസി ശബരിമല സ്പെഷൽ സർവീസിൽ നിന്നു നേടിയത്. 10 ബസുകളാണ് ആദ്യ ദിനം സർവീസ് നടത്തിയത്. 45 ബസുകൾ മണ്ഡലകാല സർവീസിനായി കോട്ടയത്ത് എത്തിയിട്ടുണ്ട്. ഇവ സർവീസ് ആരംഭിച്ചു കഴിഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിൽ വിരിപ്പന്തലും തയാറാണ്.

സൗകര്യമൊരുക്കിതിരുനക്കര

തിരുനക്കര ക്ഷേത്ര മൈതാനത്തു പാർക്കിങ്ങിനു സൗകര്യമുണ്ട്. കെട്ടുനിറയ്ക്കുന്നതിനു ഗുരുസ്വാമിമാരുടെ സേവനം ലഭ്യമാണ്. കൂടുതൽ ശുചിമുറികൾ സജ്ജമാക്കി. വൈകിട്ട് 7ന് അന്നദാനമുണ്ട്. വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര മൈതാനത്തുനിന്നു പമ്പയ്ക്ക് കെഎസ്ആർടിസി സർവീസുണ്ട്.തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിൽ കെട്ടുനിറയ്ക്കുന്നതിനു ഗുരുസ്വാമിമാരുടെ സേവനം ലഭിക്കും. ദിവസവും 3 നേരം തീർഥാടകർക്ക് അന്നദാനം ഇവിടെയുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com