വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നവർ അറിയാൻ; കണ്ണീരുണങ്ങാത്ത ചില ജീവിതങ്ങൾ..

Mail This Article
കോട്ടയം∙ അനന്തു രാജേഷിന്റെ (27) ജീവിതം ഒരു ചക്രക്കസേരയിലായിട്ട് പത്തുവർഷമായി. കൂലിവേലക്കാരനായ പിതാവ് രാജേഷും മാതാവ് ബാജിയും പ്രതീക്ഷകളോടെ അവനെ പരിചരിക്കുന്നു. വീട് വരെ പണയം വച്ച് അറുപതു ലക്ഷത്തോളം രൂപ ചെലവാക്കി വെല്ലൂരിൽ വരെ കൊണ്ടുപോയി ചികിത്സിച്ചാണ് ഈ പരുവമെങ്കിലും ആക്കിയത്. കൂട്ടുകാർക്കൊപ്പം ഇടയ്ക്കിടെ പോസ്റ്റ്മാനും ഈ വീട്ടിലേക്ക് എത്തും. ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസ് നൽകാൻ. അധ്യാപകരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന അവൻ ചിറക്കടവ് സ്കൂളിൽ 12ൽ പഠിക്കുമ്പോഴാണ് ജീവിതവും മോഹങ്ങളും തകർത്ത് അപകടം ഉണ്ടായത്. 2013ജൂലൈ 9ന് എരുമേലി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. ഏക സഹോദരിക്ക് പലഹാരം വാങ്ങാനായി റോഡ് മുറിച്ചു കടക്കാൻ നിൽക്കുകയായിരുന്നു അനന്തു. വലിയ തടികൾ കയറ്റി വന്ന പിക് അപ് വാൻ ഹമ്പിലേക്ക് അതിവേഗം കയറിയപ്പോൾ വല്ലാതെ ഉലഞ്ഞ് വാനിന്റെ പിന്നിലേക്ക് നീണ്ടു കിടന്ന തടി അനന്തുവിന്റെ തലയിൽ അടിക്കുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളജിലും വെല്ലൂരിലെ ആശുപത്രിയിലും വർഷങ്ങളോളം നീണ്ട ചികിത്സ. അരയ്ക്കു താഴേക്കു തളർന്ന് ചക്രക്കസേരയിലായി ജീവിതം. വലതു കണ്ണിന്റെ കാഴ്ച ശക്തിയും നഷ്്ടമായി. ഇപ്പോൾ ചികിത്സകളുടെ ഫലമായി അൽപം മെച്ചപ്പെട്ട് ആഹാരം സ്വയം വാരിക്കഴിക്കാമെന്ന നിലയിലായിട്ടുണ്ട്. മകന്റെ ചികിത്സയ്ക്കും വട്ടിപ്പലിശ നൽകാനുമായി പിതാവ് എല്ലുമുറിയെ പണിയെടുക്കുന്നു. ഇതിനിടെ അപകടമുണ്ടാക്കിയ വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തി. ഉടമ 23 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാൻ 2014ൽ കോടതി വിധിച്ചു. പക്ഷേ തന്റെ പേരിൽ അത്രയും തുകയ്ക്കുള്ള വസ്തു പോലും ഇല്ലെന്ന് വാഹന ഉടമ വാദിച്ചു. വസ്തു പലകൈകൾ മറിഞ്ഞു പോയെന്നാണ് വാദം.
"അതെല്ലാം പണം തരാതിരിക്കാൻ അധികൃതരും വാഹന ഉടമയും ചേർന്നുള്ള ചില കളികളാണ്. എന്താകുമെന്ന് അറിയില്ല. എങ്കിലും വിധി നടപ്പാക്കി കിട്ടാൻ കോട്ടയം എംഎസിടി കോടതിയെ സമീപിച്ചിരിക്കുകയാണ്.”അനന്തുവിന്റെ മാതാപിതാക്കളും വക്കീലും പറഞ്ഞു. ഐടി പഠിക്കണമെന്നായിരുന്നു ആഗ്രഹമെന്നും ഇപ്പോൾ പാട്ടുകൾ കേട്ടിരിക്കാനാണ് ഏറെ ഇഷ്ടമെന്നും അനന്തു പറഞ്ഞപ്പോൾ അമ്മ ബാജിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഒരിക്കൽ സ്വന്തമായി എഴുന്നേറ്റ് നടക്കാമെന്ന ആശയോടെ പൂവപ്പള്ളി ആലംപരപ്പ് അരിശ്ശേരിൽ വീട്ടിലിരുന്ന് പുറത്തേക്ക് നോക്കി ചിരിച്ച മുഖത്തോടെ അവൻ പാടി, "മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ...എങ്ങോട്ടാണ് എങ്ങോട്ടാണീ തിടുക്കം"”. അവൻ ചിരിച്ചെങ്കിലും നെഞ്ചുലയാതെ ആർക്കും അതു കേട്ടു നിൽക്കാനാവില്ല.

അനക്കമറ്റ് കിടക്കുന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ
മഞ്ഞപ്പള്ളി പുന്നച്ചുവട് തടമുറിയിൽ ജോബിൻ ആന്റണി(32) കിടപ്പിലായിട്ട് ഒരു വർഷത്തിലേറെയായി. അരയ്ക്കു കീഴേക്ക് സ്വാധീനമില്ല. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അനക്കമറ്റ് കിടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 29ന് ബേക്കറിയിലെ ജോലിയും കഴിഞ്ഞ് പേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു തിടനാട് കുരിശുകവലയ്്ക്കു സമീപം സ്വകാര്യ ബസ് കാറിലേക്ക് പാഞ്ഞു കയറിയത്. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ജോബിന്റെ നട്ടെല്ലിനാണ് ക്ഷതമേറ്റത്. ഇതിനകം ലക്ഷങ്ങളാണ് ചെലവഴിച്ചത്. ദിനം പ്രതി 800 രൂപ തന്നെ ഫിസിയോതെറപ്പിക്കു വേണം. തളർന്നുള്ള ഈ കിടപ്പിന് പരിഹാരമായി ഒന്നുമാകില്ലെങ്കിലും പിതാവ് ആന്റണി ജോസഫും ആനിയമ്മയും കോടതിയിൽ നിന്നെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

വീൽചെയറിയിലായത് ഏക ആൺതരി
കോട്ടയം കളത്തിപ്പടിയിൽ 2020 ഓഗസ്റ്റ് എട്ടിന് നടന്ന അപകടമാണ് കറിക്കാട്ടൂർ മണലൂർ വീട്ടിൽ ടോജോ(32)നെ വീൽചെയറിലാക്കിയത്. കോട്ടയത്തു നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ ഉച്ചക്ക് 12.30നായിരുന്നു അപകടം. മുന്നിൽ പോയ കാറിൽ തട്ടി വീണപ്പോഴേക്കും മറ്റൊരു കാർ പാഞ്ഞുകയറുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അയൽക്കാരൻ ഷിനോജിനും പരുക്കേറ്റു. മൂന്നു മാസത്തേക്ക് സംസാരിക്കാൻ പോലുമാകത്ത അവസ്ഥയിലായിരുന്നു ടോജോ. ദുബായിൽ ജോലിയുണ്ടായിരുന്ന ടോജോ അവിടുത്തെ കാലാവധി കഴിഞ്ഞ് തലേവർഷം നവംബർ 19നാണ് നാട്ടിൽ എത്തിയത്. ടാപ്പിങ് തൊഴിലാളിയായ ജോണിയുടെയും(മാത്യു) ടെസ്സിയുടെയും ഏക ആൺതരിയാണ് വീൽചെയറിയിലായത്. അവരും നീതിപീഠത്തിൽ നിന്ന് ദയവുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

ഇത്തവണ വിഷയം: ഇങ്ങനെയുള്ളവർക്ക് നീതി
വാഹനാപകടങ്ങളിൽ പെട്ട് ജീവിതം നഷ്ടമായവരെയും നരകതുല്യമായവരെയും കുറിച്ച് ഓർമിക്കാൻ യുഎൻ തിരഞ്ഞെടുത്ത ദിനമാണ് എല്ലാ നവംബറിലെയും മൂന്നാം ഞായർ(വേൾഡ് ഡേ ഓഫ് റിമംബെറൻസ് ഫോർ റോഡ് ട്രാഫിക് വിക്ടിംസ്). ഇങ്ങനെയുള്ളവർക്ക് നീതി എന്നതാണ് ഇത്തവണ വിഷയം.
ഓരോ മൂന്നു മിനിറ്റിലും അപകടങ്ങൾ
∙ ഇന്ത്യയിൽ ഒരോ മൂന്നു മിനിറ്റിലും വാഹനാപകടങ്ങളിൽ ഒരു മരണവും മൂന്നിൽ അധികം പേർക്കും പരുക്കും ഉണ്ടാകുന്നു. നഷ്ടം 55000 കോടി. യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ പേർ റോഡ് അപകടത്തിൽ മരിക്കുന്നതായി ഗതാഗത മന്ത്രാലയം ഗവേഷണ വിഭാഗം
∙ കഴിഞ്ഞവർഷം ഇന്ത്യയിൽ 4.61 ലക്ഷം റോഡ് അപകടങ്ങൾ. 1.68 ലക്ഷം മരണങ്ങൾ. 4.43 ലക്ഷം പേർക്ക് ഗുരുതര പരുക്ക്. മരിക്കുന്നതിൽ 53% പേർ 15നും 45നും ഇടയിൽ പ്രായമുള്ളവർ.
∙ കഴിഞ്ഞവർഷം കേരളത്തിൽ 43910 റോഡ് അപകടങ്ങൾ. 4317മരണം. 49307 ഗുരുതര പരുക്ക്. പ്രതിവർഷം നഷ്ടം 1200 കോടി രൂപ
∙ 2021 ജൂൺ 20 മുതൽ 2022 ജൂലൈ 25 വരെ കേരളത്തിൽ 1000 കാൽനട യാത്രക്കാരാണ് വാഹനം ഇടിച്ചു മരിച്ചത്.

ഗൗരവമുള്ള വിഷയം: മാണി സി.കാപ്പൻ
പാലാ. റോഡ് അപകടങ്ങളെ തുടർന്ന് നരകതുല്യ ജീവിതം നയിക്കുന്നവരുടെ അവസ്ഥ ഏറെ ഗൌരവുമുള്ള വിഷയമാണെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും നിയമനിർമാണത്തിന് ശ്രമിക്കുമെന്നും മാണി സി.കാപ്പൻ എംഎൽഎ. നിയമ വ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് എംപിമാരുടെ പിന്തുണയും അഭ്യർഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിങ് കോളജിൽ യുഎൻ വേൾഡ് ഡേ ഓഫ് റിമംബറൻസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഴ ഫൌണ്ടേഷനുമായി(പീപ്പിൾ ഓഫ് അർജന്റ് ആൻഡ് സെലസ് ഇൻ ഹ്യുമാനിറ്റേറിയൻ ആക്ടിവിറ്റീസ്) ചേർന്നു നടത്തിയ ദിനാചരണത്തിൽ കോളജ് ചെയർമാനും പാലാ രൂപത വികാരി ജറലുമായ മോൺ.ഡോ.ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സജി ഗോപിനാഥ്, കെ.ബി ബിജു, ജിജി ളാനിത്തോട്ടം എന്നിവർ പ്രസംഗിച്ചു. റോഡ് അപകടത്തിന് ഇരയായി ജീവിതം ചക്രക്കസേരയിലായ ചലച്ചിത്ര സംവിധായകൻ അലൻ വിക്രാന്ത് ഓൺലൈനായും, അനന്തുരാജേഷ് നേരിട്ടും ചടങ്ങിൽ അനുഭവം വിവരിച്ചു. അപകടത്തിൽ മാതാപിതാക്കളെ നഷ്ടമായ ശ്രീലക്ഷമിയും പ്രസംഗിച്ചു. കോളജ് ചെയർമാനും എംഎൽഎയും ചേർന്ന് ക്യാംപസിൽ സ്മാരക മരം നട്ടു.