ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും
Mail This Article
ചങ്ങനാശേരി ∙ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. യൂണിറ്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി. എസ്റ്റിമേറ്റ് നടപടി രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ജോബ് മൈക്കിൾ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനമെടുത്തു. മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച വേളയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്താൻ അധികൃതരോട് നിർദേശിച്ചിരുന്നു. ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് വേണമെന്നുള്ളത് നിരന്തരമായ ജനകീയ ആവശ്യമായിരുന്നു. സ്വകാര്യ ആശുപത്രികൾ, കോട്ടയം ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡയാലിസിസിനായി രോഗികൾ ആശ്രയിച്ചിരുന്നത്.
ഡയാലിസിസ് യൂണിറ്റ് എത്തുന്നത് ഇവിടെ
ആശുപത്രിയുടെ പടിഞ്ഞാറു വശമുള്ള കെട്ടിടത്തിൽ നാഷനൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ നിർമാണത്തിലിരിക്കുന്ന ഒഫ്താൽമോളജി തിയറ്ററിന്റെ ഒരു ഭാഗത്താണ് ഡയാലിസിസ് യൂണിറ്റിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മെഡിസിൻ വാർഡും ഈ നിലയിൽ ഇടതു ഭാഗത്തായി പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റിൽ 10 കിടക്കകൾ സ്ഥാപിക്കാമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഡിഎംഒ, എംഎൽഎ, നാഷനൽ ഹെൽത്ത് മിഷൻ എൻജിനീയർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി സർക്കാരിൽ സമർപ്പിച്ചതിനു ശേഷമാകും തുക അനുവദിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കുക. ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമായെന്നും പുതിയതായി പ്ലാന്റ് ഓപ്പറേറ്ററെ നിയമിച്ചതായും യോഗം അറിയിച്ചു. യോഗത്തിൽ നഗരസഭാധ്യക്ഷ ബീനാ ജോബി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, ആശുപത്രി വികസന സമിതി അംഗങ്ങളായ കെ.സി.ജോസഫ്, കെ.ടി.തോമസ്, ലാലിച്ചൻ കുന്നിപറമ്പിൽ, പി.എൻ.നൗഷാദ്, ജോസുകുട്ടി നെടുമുടി, ബാബു തോമസ്, നവാസ് ചുടുകാട് എന്നിവർ പ്രസംഗിച്ചു.