ADVERTISEMENT

എരുമേലി ∙ തീർഥാടകർക്ക് അനുഗ്രഹമായി പരമ്പരാഗത കാനന പാതയിൽ ബിഎസ്എൻഎൽ ഫോൺ റേഞ്ച് ലഭിക്കുന്ന വിധം മൊബൈൽ ടവർ നിർമാണം പൂർത്തിയാകുന്നു. 2 ആഴ്ചയ്ക്കുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കി നെറ്റ് വർക്ക് സംവിധാനം ലഭ്യമാക്കാൻ കഴിയുംവിധമുളള നടപടികളാണ് പുരോഗമിക്കുന്നത്.  കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിന്റെ കവാടത്തിനു സമീപം റോഡരികിലാണ് ടവർ പൂർത്തിയാകുന്നത്. ഇതോടെ കാനന പായിൽ 12 കിലോമീറ്റർ ദൂരത്തിൽ മൊബൈൽ റേഞ്ച് ലഭിക്കും. കല്ലിടാംകുന്ന് വരെ മൊബൈൽ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പരമ്പരാഗത കാനന പാതയിൽ കൂടി കാൽനടയായി പോകുന്ന തീർഥാടകരും സന്നദ്ധ പ്രവർത്തകരും വിവിധ സർക്കാർ ഏജൻസികളും നേരിടുന്ന പ്രതിസന്ധി മൊബൈൽ ഫോൺ സിഗ്നൽ ഇല്ല എന്നുള്ളതാണ്. കഴിഞ്ഞ മണ്ഡല, മകരവിളക്ക് സീസൺ കാലത്ത് മാത്രം 4.21 ലക്ഷം പേരാണ് കാനന പാത വഴി കടന്നു പോയത്. കാളകെട്ടി ശിവപാർവതി ക്ഷേത്രം മുതൽ അഴുതക്കടവ് വരെയുള്ള കാനനപാതയിൽ തീർഥാടകർ തിങ്ങി നിറഞ്ഞതോടെ മണിക്കൂറുകളോളം യാത്രാ തടസ്സം വരെ ഉണ്ടായിട്ടുണ്ട്.

തീർഥാടകർക്ക് യാത്രയ്ക്കിടയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനു വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും മൊബൈൽ ഫോൺ സേവനം ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മൊബൈൽ സേവനം ഇല്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വോക്കി ടോക്കിയാണ് ഉപയോഗിച്ചിരുന്നത്. 85 കുടുംബങ്ങൾ താമസിക്കുന്ന ആദിവാസി ഊരിൽ കോവിഡ് കാലത്ത് ഏറെ പ്രതിസന്ധി നേരിട്ടത് കാളകെട്ടി മേഖലയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതെ വന്നതാണ്. ഇതോടെ ഈ പ്രതിസന്ധിയും പരിഹരിക്കും.

അഴുതക്കടവിൽ ആംബുലൻസ് 
അഴുതക്കടവ്∙ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം ആംബുലൻസ് സർവീസ് തുടങ്ങി. ആരോഗ്യ കുടുംബക്ഷേ ഓഫിസിനു മുന്നിലാണ് ആംബുലൻസ് പാർക്ക് ചെയ്യുന്നത്. എരുമേലി പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് ആംബുലൻസ് സർവീസ് തുടങ്ങിയത്. മുൻപ് പരമ്പരാഗത പാതയിൽ തീർഥാടകർക്ക്  2.5 കിലോമീറ്റർ ദൂരെ കണമലയിൽ നിന്ന് ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനു പരിഹാരമായിട്ടാണ് പുതിയ ആംബുലൻസ് സർവീസ് തുടങ്ങിയത്. കാനനപാതയിൽ ഏറ്റവും കഠിന യാത്ര കല്ലിടാംകുന്ന് വഴിയാണ്.  ഇവിടെയാണ് തീർഥാടകർക്ക് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ‍ഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ സനില രാജൻ, എംഎസ്. സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ആംബുലൻസ് ഫോൺ: 7907631717

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com