കോടിമതയിലെ അറവുശാല; മാലിന്യസംസ്കരണ പ്ലാന്റ് നിർമാണത്തിന് നടപടി
Mail This Article
കോട്ടയം ∙ കോടിമതയിൽ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച അറവുശാല തുറന്നുകൊടുക്കാൻ നടപടികൾ ആരംഭിച്ചു. അറവുശാലയിൽ നിലവിൽ മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തതാണ് പ്രധാന തടസ്സമെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. ഇതു നിർമിക്കുന്നതിനുള്ള അനുമതിക്കായി സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്. വില്ലേജ് ഓഫിസ് മുതൽ ബന്ധപ്പെട്ട എല്ലായിടത്തും റിപ്പോർട്ടും അപേക്ഷയും നൽകി. അതു കിട്ടുന്ന മുറയ്ക്കു നിർമാണം ആരംഭിക്കും. ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തിയാകുന്നതോടെ അറവുശാല പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും. 2020ൽ എംജി റോഡിൽ പച്ചക്കറി മാർക്കറ്റിനു സമീപം മീൻ – ഇറച്ചി വിൽപന, ഉണക്കമീൻ വിൽപന എന്നിവ ലക്ഷ്യമിട്ടു പ്രത്യേകമായി നിർമിച്ചതാണ് ഇവിടത്തെ കെട്ടിടങ്ങൾ. ഉദ്ഘാടനം നടത്തിയെങ്കിലും അധികം താമസിയാതെ പൂട്ടി. മലിനജലം സംസ്കരിക്കാൻ ഫലപ്രദമായ സംവിധാനം ഇല്ലാത്തതിനാൽ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി കിട്ടാതെ പോയതാണു കാരണം.