ADVERTISEMENT

കുറവിലങ്ങാട് ∙താലൂക്ക് ആശുപത്രിയിൽ ഒരു കോടി മുതൽ മുടക്കി പുതിയ മന്ദിരം നിർമാണം ഉടൻ ആരംഭിക്കും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആയി നിർമിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട ജോലികൾ ഉടൻ ആരംഭിക്കും.പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. ഇതിനായി സ്ഥലം കൈമാറുന്ന ജോലികളും മണ്ണ് പരിശോധന ഉൾപ്പെടെ നടപടികളും പൂർത്തിയായി. ആശുപത്രിയുടെ മുൻവശത്ത് ആണ് പുതിയ രണ്ടു നില മന്ദിരം നിർമിക്കുന്നത്. മോൻസ് ജോസഫ് എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണു നിർമാണം.

പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് യഥാർഥ്യമാക്കാൻ വഴി തെളിഞ്ഞെങ്കിലും ആശുപത്രിയുടെ സമഗ്ര വികസനം ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്തു കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ 33 കോടി രൂപയുടെ വികസന പദ്ധതിയിൽ ധനകാര്യ - ആരോഗ്യ വകുപ്പുകൾ നിർദേശിച്ച ഭേദഗതികളോടെ  നോഡൽ ഏജൻസിയായ ഹൗസിങ് ബോർഡ് പുതുക്കിയ ഡി.പി.ആർ അന്തിമ പരിശോധനയ്ക്കായി സമർപ്പിച്ചെങ്കിലും കിഫ്ബി ബോർഡ് ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല. കെ.കെ ശൈലജ മന്ത്രിയായിരിക്കെ 2016–17കാലഘട്ടത്തിൽ സമർപ്പിച്ച കടുത്തുരുത്തി നിയോജകമണ്ഡല ബജറ്റ് നിർദേശം പരിഗണിച്ചാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ഹൗസിങ് ബോർഡിനെ ചുമതലപ്പെടുത്തിയത്.

എന്നാൽ ബോർഡ് നൽകിയ എസ്റ്റിമേറ്റും പദ്ധതി റിപ്പോർട്ടും കിഫ്ബി തള്ളി. പുതിയ നിർദേശം ആവശ്യപ്പെട്ടതു അനുസരിച്ചാണ് 33 കോടി രൂപയുടെ വികസന പദ്ധതിക്കു രൂപം നൽകിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതിക്കു അന്തിമ അനുമതി ലഭിച്ചിട്ടില്ല. കിഫ്ബി ആവശ്യപ്പെടുന്ന രീതിയിൽ ഹൗസിങ് ബോർഡ് വിശദമായ പദ്ധതി റിപ്പോർട്ട് നൽകുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌ന പരിഹാരത്തിനു ഇടപെടണമെന്നു ആവശ്യപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ നിവേദനം നൽകിയിരുന്നു.നിലവിലെ കെട്ടിടം അപര്യാപ്തമാണ്. വർഷങ്ങൾ പഴക്കമുണ്ട്. ഒപി ഉൾപ്പെടെ ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഇനി പൂർണ വികസനമാണ് ആവശ്യം.

മന്ത്രി വന്നിട്ടും  നടപടികൾക്ക് വേഗം ഇല്ല
ഏതാനും ആഴ്ചകൾ മുൻപ് മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തിയിരുന്നു.പുതിയ വികസന പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ടു നടപടി വേഗത്തിലാക്കുമെന്നും ഇക്കാര്യത്തിൽ ഹൗസിങ് ബോർഡുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. പക്ഷേ തുടർനടപടി ആരംഭിച്ചിട്ടില്ല. ആശുപത്രിയിൽ ഇസിജി മുറി, മുലയൂട്ടൽ മുറി എന്നിവ ഈയിടെ സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പാർക്കിങ്ങിനു പുതിയ ക്രമീകരണം ഏർപ്പെടുത്തും. സുരക്ഷ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും തീരുമാനം വൈകുന്നു. സർക്കാർ നിർദേശിക്കുന്ന ഏജൻസിയിൽ നിന്നു മാത്രം നിയമനം നടത്തണം. ഇതാണ് നടപടികൾ വൈകാൻ കാരണം. പ്രാദേശിക തലത്തിൽ അന്വേഷണം നടത്തി നിയമനം നടത്തുകയാണ് ഉചിതമെന്നു നിർദേശം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT