പി.കെ.ജയശ്രീയ്ക്ക് ഒരു ലക്ഷം രൂപയുടെ സൗത്ത് ഏഷ്യ കമല ഭാസിൻ അവാർഡ്

Mail This Article
ഏറ്റുമാനൂർ∙ പി.കെ. ജയശ്രീയ്ക്ക് സൗത്ത് ഏഷ്യ കമല ഭാസിൻ അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഏറ്റുമാനൂർ അർച്ചന വിമൻസ് സെന്റർ ടെക്നിക്കൽ മാനേജറാണ് ജയശ്രീ പി. കെ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസാദ് ഫൗണ്ടേഷൻ തയാറാക്കി, കമലഭാസിൻ എന്ന പ്രശസ്ത ജൻഡർ ആക്ടിവിസ്റ്റിന്റെ പേരിലുള്ള ഈ അവാർഡ് നവംബർ 26ന് ഡൽഹിയിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
പാരമ്പര്യേതര തൊഴിൽ മേഖലകളിൽ നൈപുണ്യം നേടിയ വനിതകളെ ആദരിക്കുന്നതിനാണ് ഈ അവാർഡ് നൽകിവരുന്നത്. സ്ത്രീ ശാക്തീകരണ രംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുല്ലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക സേവന വിഭാഗമായി ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അർച്ചന.
പുരുഷന്മാർ മാത്രം കയ്യടക്കിയിരുന്ന വിവിധ തൊഴിൽ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളിൽ അഗ്രഗണ്യയാണ് ജയശ്രീ. മേസണറി, കാർപെന്ററി, പ്ലംബിങ്, ഇലക്ട്രിക്കൽ, ജൈവകൃഷിരീതി, കരാട്ടെ, ബാംബൂ ടെക്നോളജി, ഫെർറോസ്‌മെന്റ് തുടങ്ങിയ വ്യത്യസ്ത തൊഴിലുകളിൽ നിപുണത തെളിയിച്ച വ്യക്തിയാണ് ജയശ്രീ.