പെട്രോൾ പമ്പിലെ ആക്രമണം: 4 പേർ അറസ്റ്റിൽ
Mail This Article
ഏറ്റുമാനൂർ ∙ സൗജന്യമായി പെട്രോൾ നൽകാത്തതിൽ പ്രകോപിതനായ യുവാവും കൂട്ടാളികളും ചേർന്നു പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിമുകൾ തേനാകര ഷിന്റോ (22), കട്ടച്ചിറ ഷട്ടർ കവല തുമ്പേമഠത്തിൽ ഷാലു (20), മുട്ടുചിറ ആയാംകുടി നാലുസെന്റ് കോളനി പരിയത്താനം രതീഷ് (30), പുന്നത്തറ ചെറ്റയിൽ സുധീഷ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രധാന പ്രതി ഒളിവിലാണ്.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രി ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത് പടിക്കു സമീപം പ്രവർത്തിക്കുന്ന പൊന്മാങ്കൽ പെട്രോൾ പമ്പിലാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. പമ്പ് ജീവനക്കാരനായ കിടങ്ങൂർ സ്വദേശി സന്ദീപിനെയാണ് ആക്രമിച്ചത്. കമ്പിവടി ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണത്തിൽ സന്ദീപിനു തലയ്ക്കും മുഖത്തിനും പരുക്കേറ്റിരുന്നു. ഗുണ്ടാസംഘാംഗമായ ഒരാൾ രാത്രി ബൈക്കിൽ പെട്രോൾ പമ്പിലെത്തി സൗജന്യമായി പെട്രോൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പണമില്ലാതെ ഇന്ധനം നൽകില്ലെന്നു ജീവനക്കാരനായ സന്ദീപ് പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ്, സംഘാംഗങ്ങളുമായി തിരികെയെത്തി സന്ദീപിനെ ആക്രമിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐമാരായ വി.കെ.ബിജു, സുരേഷ്, സിപിഒമാരായ ഡെന്നി പി.ജോയ്, വി.കെ.അനീഷ് , സെയ്ഫുദ്ദീൻ, സജി, ലെനിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഷിന്റോ, സുധീഷ് എന്നിവർക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.