ADVERTISEMENT

എരുമേലി ∙ ശബരിമല പാതകളിൽ ഉണ്ടായ 2 അപകടങ്ങളിൽ തീർഥാടകർക്കു പരുക്ക്. എരുമേലി മുണ്ടക്കയം റോഡിൽ കണ്ണിമല മഞ്ഞളരുവിക്കു സമീപം കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറഞ്ഞു 2 തീർഥാടകർക്കാണു പരുക്കേറ്റത്. കണമല – കോരൂത്തോട് റോഡിൽ അഴുതക്കടവിനു സമീപം ആന്ധ്ര സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു കലുങ്കിൽ ഇടിച്ചു. ഈ അപകടത്തിൽ ആർക്കും പരുക്കില്ല. മഞ്ഞളരുവിക്കു സമീപം ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്.

ദർശനം കഴിഞ്ഞ മടങ്ങുകയായിരുന്ന തീർഥാടകസംഘം സഞ്ചരിച്ച കാർ പാലത്തിന്റെ സമീപം ഇടിച്ച ശേഷം നിയന്ത്രണം വിട്ടു റോഡിലേക്കു മറിയുകയായിരുന്നു. 6 തീർഥാടകരാണു കാറിൽ ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന ഭാസുര രാജ്, സിദ്ധേഷ് എന്നിവർക്കാണു നേരിയ പരുക്കേറ്റത്. അപകടത്തിൽപെട്ട കാറിൽ നിന്നുള്ള ഓയിൽ റോഡിൽ പടർന്നതോടെ ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി. ഇതോടെ എരുമേലിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി റോഡ് കഴുകി ഓയിൽ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രയിൽ നിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച കാർ കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിലെ കമാനത്തിനു സമീപത്തെ കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു തോട്ടിൽ പതിച്ചു.

കാർ പാലത്തിൽ ഇടിച്ചു നിന്നതിനാൽ കാർ തോട്ടിൽ വീഴാതെ വലിയ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. 2 കാറുകളിലായി 12 തീർഥാടകർ ഒരുമിച്ചാണ് എത്തിയത്. അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ മുള കൊണ്ടുവന്നു തകർന്ന സംരക്ഷണ ഭിത്തിയുടെ ഭാഗത്തു താൽക്കാലിക സംരക്ഷണ വേലി സ്ഥാപിച്ചു.

അപകടത്തിലേക്ക് വാ പിളർന്ന്  പാതകൾ
∙ എരുമേലി മുണ്ടക്കയം റോഡിന്റെ ബൈപാസ് റോഡ് ആയി ഉപയോഗിക്കുന്ന കൊരട്ടി – കണ്ണിമല റോഡിന്റെ ഇരുവശങ്ങളിലും കാടും പടലും പടർന്നു കയറിയ നിലയിലാണ്. സാധാരണ തീർഥാടന കാലത്തിനു മുൻപ് കാട് തെളിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇത്തവണ റോഡ് തെളിച്ചിട്ടില്ല. നൂറ് കണക്കിനു തീർഥാടക വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. 
∙ കണമല – കോരൂത്തോട് ദേശീയപാതയുടെ അരികിലെ കട്ടിങ് അപകടത്തിൽ. ഒഴുകയിൽപ്പടി ഭാഗത്താണ് ഏറ്റവും അപകടകരമായ കട്ടിങ് ഉള്ളത്. 2 അടി വരെ റോഡ് ഉയർന്നാണു നിൽക്കുന്നത്. തീർഥാടക വാഹനങ്ങൾ പോകുമ്പോൾ അപകടത്തിൽപ്പെടുന്നതു പതിവാണ്. മഴയിൽ ശക്തമായ വെള്ളം ഒഴുകിയാണു റോഡിനോടു ചേർന്നു കട്ടിങ് രൂപപ്പെട്ടത്. 

അന്നദാനം  ഇന്നു മുതൽ
എരുമേലി ∙ അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിൽ എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിനു സമീപത്ത് അന്നദാനം  ഇന്നു മുതൽ ആരംഭിക്കും. ക്ഷേത്രത്തിനു പിന്നിൽ സേവാ സംഘം ക്യാംപ് ഓഫിസിൽ വച്ചാണ് അന്നദാനം. രാവിലെ 10 ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അന്നദാന വിതരണം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അനിയൻ എരുമേലി അധ്യക്ഷത വഹിക്കും.

ഡിസ്പെൻസറിക്ക് പിന്നിൽ പെരുമ്പാമ്പ്
എരുമേലി ∙ ദേവസ്വം ബോർഡ് മൈതാനത്തെ താവളം ഡിസ്പെൻസറിക്കു പിന്നിൽനിന്നു പെരുമ്പാമ്പിനെ പിടികൂടി. ശബരിമല തീർഥാടകർ വിരി വയ്ക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായ പ്രധാന പാർക്കിങ് മൈതാനത്ത് ഇന്നലെ രാവിലെയാണു പെരുമ്പാമ്പിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇതിനെ പിടികൂടി കൊണ്ടുപോയി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com