ജിം ട്രെയ്നർക്കു നേരെ വധശ്രമം: അച്ഛനും മക്കളുമടക്കം 3 പേർ അറസ്റ്റിൽ
Mail This Article
പള്ളിക്കത്തോട് ∙ ജിം ട്രെയ്നറായ യുവാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അമ്പഴംകുന്ന് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന വരിക്കാശേരി വി.എസ്.സഞ്ജയ് (26), സഹോദരൻ വി.എസ്.സച്ചിൻ (19), ഇരുവരുടെയും പിതാവായ വി.കെ.സന്തോഷ് (51) എന്നിവരെയാണു പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 3 പേരും ചേർന്നു പള്ളിക്കത്തോട് ബസ് സ്റ്റാൻഡ് ഭാഗത്തുള്ള ജിമ്മിൽ അതിക്രമിച്ചുകയറി ജിമ്മിലെ ട്രെയ്നറെ ചീത്ത വിളിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഇടിവള ഉപയോഗിച്ചു മർദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞു. പ്രതികൾക്കു ജിം ട്രെയ്നറോടു മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണു ട്രെയ്നറെ ആക്രമിച്ചത്. പരാതിയെത്തുടർന്നു പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, പള്ളിക്കത്തോട് എസ്എച്ച്ഒ കെ.ബി.ഹരികൃഷ്ണൻ, എസ്ഐ പി.എ.രമേശൻ, എഎസ്ഐമാരായ സന്തോഷ്, ജയചന്ദ്രൻ, സിപിഒ വിനോദ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.