കനത്ത മഴ, ഇരുമ്പൂന്നിക്കര ശിവക്ഷേത്രം റോഡിലെ പാലം തകർന്നു

Mail This Article
എരുമേലി ∙ കനത്ത മഴയെത്തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഇരുമ്പൂന്നിക്കര ശിവക്ഷേത്രം റോഡിലെ പാലം തകർന്നു. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ഈ മേഖലയിൽ കനത്ത മഴയാണു പെയ്തത്. ഈ സമയം തോട്ടിലുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ കോൺക്രീറ്റ് പാലത്തിന്റെ സ്ലാബിന്റെ ഒരു ഭാഗം ഇടിഞ്ഞു തോട്ടിൽ പതിക്കുകയായിരുന്നു. പാലത്തെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന പഞ്ചായത്ത് 9–ാം വാർഡ് ശിവക്ഷേത്രം ഭാഗത്തുള്ള മുന്നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന പാലമാണു തകർന്നത്. ഇനിയും ഇവിടെ താമസിക്കുന്നവർക്ക് പറപ്പള്ളിക്കവല, ആശാൻകോളനി വഴി ഒരു കിലോമീറ്റർ ചുറ്റി വേണം ഇരുമ്പൂന്നിക്കരയിലെത്താൻ.
പറമ്പഴള്ളിക്കവലയ്ക്കു സമീപമുള്ള കലുങ്കിന്റെ തൂണും ഈ മഴയിൽ തകർന്ന് അപകടാവസ്ഥയിലാണ്. വാർഡ് അംഗം പ്രകാശ് പള്ളിക്കൂടത്തിന്റെ നേതൃത്വത്തിൽ ഇതുവഴി വാഹനങ്ങൾ എത്താതെ തടഞ്ഞു. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയോടു ചേർന്നുള്ള റോഡിലെ പാലമാണു തകർന്നത്. കനത്ത മഴയിൽ മുക്കൂട്ടുതറ– ഇടകടത്തി റോഡിൽ ഉമിക്കുപ്പയ്ക്കു സമീപം റോഡിലേക്കു മരം വീണു ഗതാഗതം തടസ്സപ്പെട്ടു. എരുമേലിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എരുമേലി നഗരത്തിൽ പലയിടങ്ങളിലും കനത്ത വെള്ളക്കെട്ട് ഉണ്ടായി. കെഎസ്ഇബി ഓഫിസിനു സമീപം കടകളിൽ വെള്ളം കയറി. തീർഥാടകർ ആശ്രയിക്കുന്ന താവളം ഡിസ്പെൻസറി ചോർന്നൊഴുകി.