ADVERTISEMENT

കോട്ടയം ∙ കൊല്ലത്തു കാണാതായ കുട്ടിയെ കണ്ടെത്തിയ സമയത്തു കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ, കാണാതായ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി ആശ്വസിപ്പിക്കുകയായിരുന്നു എം.ആർ.സന്ധ്യമോൾ എന്ന അങ്കണവാടി അധ്യാപിക. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വെളിയന്നൂർ പഞ്ചായത്ത് പെരുങ്കുറ്റി എട്ടാം വാർഡിലെ 34ാം നമ്പർ അങ്കണവാടിയിലെ അധ്യാപിക പൂവക്കുളം ആക്കാലോലിക്കൽ സന്ധ്യമോളുടെ കരുതലിലും അന്വേഷണത്തിലുമാണ് ഇക്കഴിഞ്ഞ 28നു പൊലീസിനു ലഭിച്ച ‘കാണാനില്ല’ എന്ന പരാതിയിലെ പെൺകുട്ടിയെ അന്നു തന്നെ കണ്ടെത്താനായത്. അക്കഥയിങ്ങനെ: കൊല്ലത്തെ കുട്ടിയെ കാണാതായ വാർത്തയറിഞ്ഞതിന്റെ ആശങ്കയിലാണു തിങ്കളാഴ്ച രാത്രി സന്ധ്യമോൾ ഉറങ്ങാൻ കിടന്നത്. പുലർച്ചെ എഴുന്നേറ്റു ടിവി വാർത്ത ശ്രദ്ധിച്ചു. കുട്ടിയെ കിട്ടിയിട്ടില്ല. കുട്ടിയെ കണ്ടുകിട്ടണേ എന്നു പ്രാർഥിച്ചാണു കോഴായിലെ ഐസിഡിഎസ് ഓഫിസിലേക്കു പുറപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ ദേശീയ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സാമൂഹികാധിഷ്ഠിത പരിപാടി സംഘടിപ്പിച്ചതിന്റെ ബിൽ കൊടുക്കുന്നതിനും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമാണ് ഓഫിസിലേക്കു പോയത്. 

തിരിച്ച് കൂത്താട്ടുകുളം ബസ് സ്റ്റാൻഡിലെത്തിയത് 11 മണിയോടെ. സ്കൂൾ യൂണിഫോമിൽ 13 വയസ്സു തോന്നിക്കുന്ന പെൺകുട്ടി ആ സമയം ബസിൽ ഒറ്റയ്ക്കിരിക്കുന്നതു സന്ധ്യമോളുടെ ശ്രദ്ധയിൽപെട്ടു. സ്കൂൾ സമയത്തു യൂണിഫോമിൽ കുട്ടി എന്തിനു ബസിൽ യാത്ര ചെയ്യണം എന്ന ചിന്തയാണ് ആദ്യം മനസ്സിലേക്കെത്തിയത്. പാലായിലേക്കു പോകുകയാണെന്നും ഹോസ്റ്റലിൽ നിന്നാണു പഠിക്കുന്നതെന്നും കുട്ടി പറഞ്ഞെങ്കിലും സ്കൂളിന്റെ പേരിൽ സംശയം തോന്നി. ഐഡി കാർഡ് ചോദിച്ചെങ്കിലും കാണിക്കാൻ കുട്ടി തയാറായില്ല. കുട്ടി മാനസികമായി തളർന്നിരിക്കുകയാണെന്നു മനസ്സിലാക്കിയ സന്ധ്യ ആശ്വസിപ്പിച്ചു. അതോടെ ‘ഇന്ന് എന്നെ ചേച്ചിയുടെ വീട്ടിൽ താമസിപ്പിക്കുമോ’ എന്നായി കുട്ടിയുടെ പ്രതികരണം. വിശക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞു. സന്ധ്യ ചൈൽഡ് വെൽഫെയർ ഓഫിസർ ഡോ. ടിൻസി രാമകൃഷ്ണനെ വിവരം അറിയിച്ചു. 

ടിൻസി രാമകൃഷ്ണനും ഐസിഡിഎസ് സൂപ്പർവൈസർമാരായ ലിബിനും റഫ്‌വയും അപർണയും ഉടനെത്തി. കാറിലെത്തിയ നാലംഗസംഘം തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നാണു കുട്ടി അവരോടു പറഞ്ഞത്. കാറിൽ വന്നവർ മുഖംമൂടി വച്ചിരുന്നതായും പറഞ്ഞു. ഉദ്യോഗസ്ഥർ രാമപുരം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ അന്നു രാവിലെ എത്തിയ പെൺകുട്ടിയെ കാണാതായി എന്ന പരാതിയിലെ കുട്ടിയാണ് ഇതെന്നു രാമപുരം പൊലീസ് കണ്ടെത്തി. പെൺകുട്ടി അമ്മയോടു വഴക്കിട്ട് വീടു വിട്ടിറങ്ങുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കുട്ടി വീട്ടുകാരുടെ അടുക്കലെത്തി എന്നറിഞ്ഞ ശേഷമാണു സന്ധ്യമോൾ മടങ്ങിയത്. അപ്പോഴേക്കും കൊല്ലത്തെ കുട്ടിയെ തിരികെ കിട്ടി എന്ന സന്തോഷവാർത്തയും അറിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com