പാണ്ടിയാംകുഴിയിൽ വെള്ളം കിട്ടാതായിട്ട് 2 മാസം
Mail This Article
പാണ്ടിയാംകുഴി ( കങ്ങഴ ) ∙ ‘ മഴയത്ത് വെള്ളം കിട്ടുന്നില്ല. പിന്നല്ലേ വെയിലത്ത്. ’ കങ്ങഴ പഞ്ചായത്തിൽ പാറക്കെട്ടുകൾ കൂടുതലുള്ള പ്രദേശമായ പാണ്ടിയാംകുഴിയിലെ അവസ്ഥ ഇങ്ങനെ. മേഖലയിൽ പാറക്കെട്ടു കൂടുതലായതിനാൽ മിക്കവർക്കും കിണർ ഇല്ല. മേഖലയിലെ 40 ഓളം കുടുംബങ്ങളുടെ ഏക ജല സ്രോതസ്സ് ജലഅതോറിറ്റി വഴിയുള്ള ജല വിതരണമാണ്. 2 മാസമായി വെള്ളം കിട്ടുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 800 രൂപ മുടക്കി 3500 ലീറ്റർ വെള്ളം വാങ്ങുകയാണിവർ.
കൂടുതലും സാധരണക്കാരായതിനാൽ ദിവസവും കിട്ടുന്ന വരുമാനത്തിൽ ഏറിയ പങ്കും വെള്ളത്തിന് ചെലവഴിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.നെടുംകുന്നത്തെ പാമ്പ് ഹൗസിൽ നിന്നാണ് മേഖലയിലേക്കു വെള്ളം എത്തുന്നത്. മുൻ മാസത്തിൽ 2 തവണ മുടക്കമില്ലാതെ ലഭിച്ചിരുന്നു. 2 മാസമായി വെള്ളം കിട്ടുന്നില്ല. വാർഡംഗം ഉൾപ്പെടെയുള്ളവർ പലതവണ പരാതിയുമായി എത്തിയെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയില്ല. മേഖലയിലെ ശുദ്ധജല വിതരണക്കാരെ സഹായിക്കുന്ന നടപടിയാണ് ജല അതോറിറ്റി അധികൃതർ എടുക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.