ADVERTISEMENT

കടുത്തുരുത്തി ∙ അധികൃതർ കാണുന്നില്ലേ .. തകർന്നു തരിപ്പണമായ റോഡിലൂടെയുള്ള ഈ ദുരിത യാത്ര. ? രാജ്യാന്തര നിലവാരമൊന്നും വേണ്ട റോഡിലെ കുഴികളെങ്കിലും അടയ്ക്കാൻ അധികൃതർക്ക് കഴിയുമോ..? കടുത്തുരുത്തി – വൈക്കം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന മുട്ടുചിറ - എഴുമാന്തുരുത്ത് - വടയാർ - കല്ലാട്ടിപ്പുറം - ചന്തപ്പാലം - വെള്ളൂർ - മുളക്കുളം റോഡുകൾ ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന വികസന പദ്ധതി നിലച്ചിട്ട് മാസങ്ങളായി. കെഎസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ട് എത്തി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത 117 കോടി രൂപയുടെ റോഡ് വികസന പദ്ധതിയാണ് നാട്ടുകാർക്ക് ദുരിതമായിരിക്കുന്നത്.

റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണ് ദിവസവും അപകടങ്ങൾ ഉണ്ടാവുകയാണ്. റോഡ് വികസന പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചത് 2022 ഏപ്രിൽ 24 ന് ആയിരുന്നു. 22.4 കിലോമീറ്റർ ദൂരമുള്ള റോഡു കെഎസ്ടിപി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്. മുട്ടുചിറയിൽ നിന്ന് ആരംഭിച്ച് വാലാച്ചിറ റെയിൽവേ ഗേറ്റ് വഴി ആയാംകുടി കപ്പേള - എഴുമാന്തുരുത്ത് - കല്ലാട്ടിപ്പുറം - വടയാർ ചന്തപ്പാലം - വെള്ളൂർ - മുളക്കുളം അമ്പലപ്പടി വരെ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. ജർമൻ ബാങ്ക് സഹായത്തോടെയാണ് റോഡ് നിർമാണമെന്നും രണ്ട് വർഷം കൊണ്ട് റോഡ് നിർമാണം പൂർത്തീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഒന്നര വർഷത്തോളമായിട്ടും കടുത്തുരുത്തി പഞ്ചായത്ത് പരിധിയിൽ റോഡിൽ രണ്ട് കലുങ്കുകൾ തീർക്കുകയും ചില ഭാഗത്ത് ഓട നിർമാണം നടത്തുകയും ചെയ്തതല്ലാതെ മറ്റ് കാര്യമായ ജോലികൾ നടന്നിട്ടില്ല. വാലാച്ചിറ, ആദിത്യപുരം, ആയാംകുടി തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. 117 കോടി രൂപയുടെ കരാർ ഏറ്റെടുത്തു പണികൾ ആരംഭിച്ച കരാറുകാരന് പാർട്ട് ബിൽ പോലും നൽകാത്തത് മൂലം സാമ്പത്തിക പ്രതിസന്ധിയിലാകുകയും പണികൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. മുട്ടുചിറ മുതൽ ആയാംകുടി വരെ തകർന്നു കിടക്കുന്ന റോഡിലെ വൻ കുഴികളെങ്കിലും താൽക്കാലികമായി അടച്ച് റോഡ് സഞ്ചാര യോഗ്യമാക്കണം എന്നാണ് ആവശ്യം ഉയരുന്നത്

മുട്ടുചിറ മുതൽ ആയാംകുടി മലപ്പുറം പള്ളി വരെയുള്ള റോഡ് ഭാഗത്തെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണം. മുട്ടുചിറയിൽ നിന്നു കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുണ്ട്. ഓടകളുടെ നിർമാണം നടത്തി. ഇനി റോഡ് വീതി കൂട്ടി ടാറിങ് നടത്തണമെങ്കിൽ വൈദ്യുതി പോസ്റ്റ് മാറ്റ് സ്ഥാപിക്കണം. പോസ്റ്റുകൾ മാറ്റുന്ന ജോലികളും പൈപ്പ് സ്ഥാപിക്കുന്ന ജോലികളും ഉടൻ നടത്തും. മഴ മൂലമാണ് മറ്റ് ജോലികൾ വൈകിയത്. സാമ്പത്തിക പ്രതിസന്ധിയും തടസ്സമായി. ഏതാനും ആഴ്ചകൾക്കകം പണികൾ ആരംഭിക്കാൻ കഴിയും കെഎസ്ടിപി അധികൃതർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com