ശാപമോഷം കാത്ത്; വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹന തിരക്കേറിയ റോഡിൽ അപകടങ്ങൾ പതിവ്
Mail This Article
കടുത്തുരുത്തി ∙ തകർന്നു തരിപ്പണമായ മുട്ടുചിറ - എഴുമാന്തുരുത്ത്-വടയാർ - കല്ലാട്ടിപ്പുറം - ചന്തപ്പാലം-വെള്ളൂർ- മുളക്കുളം റോഡിന്റെ മുട്ടുചിറ മുതൽ ആയാംകുടി വരെയുള്ള റോഡ് ഭാഗം ഇന്നലെ രാവിലെ കെഎസ്ടിപി അധികൃതർ സന്ദർശിച്ചു. സാങ്കേതിക കാരണങ്ങളാലാണ് റോഡ് നിർമാണം താമസിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.ടാറിങ് ജോലികൾക്ക് ഉപകരാർ നൽകിയെന്നും അടുത്ത ആഴ്ചയിൽ റോഡ് ടാറിങ് ആരംഭിക്കുമെന്നും കെഎസ്ടിപി. അധികൃതർ പറഞ്ഞു. കെഎസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത്മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ട് എത്തി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത 117 കോടി രൂപയുടെ റോഡ് വികസനമാണ് മാസങ്ങളായി നിലച്ചത്.
വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹന തിരക്കേറിയ റോഡിൽ അപകടങ്ങൾ പതിവായതു മനോരമ കഴിഞ്ഞ ദിവസം ചിത്രം സഹിതം വാർത്ത നൽകിയിരുന്നു.തുടർന്നാണു പരാതി പരിശോധിക്കാൻ കെഎസ്ടിപി അധികൃതർ ഇന്നലെ എത്തിയത്. 22.476 കിലോമീറ്റർ ദൂരമുള്ള റോഡ് കെഎസ്ടിപി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നവീകരിക്കുന്നത്.
മുട്ടുചിറയിൽനിന്നാരംഭിച്ച് വാലാച്ചിറ റെയിൽവേ ഗേറ്റ് വഴി ആയാംകുടി കപ്പേള - എഴുമാന്തുരുത്ത് - കല്ലാട്ടിപ്പുറം - വടയാർ ചന്തപ്പാലം - വെള്ളൂർ - മുളക്കുളം അമ്പലപ്പടി വരെ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കാനാണു പദ്ധതി. ജർമൻ ബാങ്ക് സഹായത്തോടെയാണു റോഡ് നിർമാണമെന്നും രണ്ട് വർഷം കൊണ്ടു പൂർത്തീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഒന്നര വർഷത്തോളമായിട്ടും കടുത്തുരുത്തി പഞ്ചായത്ത് പരിധിയിൽ റോഡിൽ രണ്ട് കലുങ്കുകൾ തീർക്കുകയും ചില ഭാഗത്ത് ഓട നിർമാണം നടത്തുകയും ചെയ്തതല്ലാതെ മറ്റ് കാര്യമായ ജോലികൾ നടന്നിട്ടില്ല. ഓടകൾ പല ഭാഗത്തും അപകട ഭീഷണി ഉയർത്തുന്നുമുണ്ട്. വാലാച്ചിറ, ആദിത്യപുരം, ആയാംകുടി തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡ് ഉടൻ ടാറിങ് നടത്തി സഞ്ചാര യോഗ്യമാക്കുമെന്ന പ്രതീക്ഷയിലാണ് വാഹനയാത്രക്കാരും നാട്ടുകാരും.