കള്ളുചെത്ത്, ഓല മെടയൽ, വലവീശൽ, ചൂണ്ടയിടൽ; കുമരകം നേടിയത് 4.5 കോടി രൂപ!

Mail This Article
കുമരകം ∙ പുതുവത്സര ആഘോഷത്തിൽനിന്നു മാത്രം കുമരകം നേടിയത് 4.5 കോടി രൂപ! ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 3,600 സഞ്ചാരികൾ കുമരകത്ത് എത്തി.1,258 വിദേശ സഞ്ചാരികളും എത്തിയെന്നാണു പ്രാഥമിക കണക്ക്. ഹോട്ടലുകളും റിസോർട്ടുകളും സഞ്ചാരികളാൽ നിറഞ്ഞു. നാളെ വരെ മുറികൾ എല്ലാം ബുക്കിങ്ങാണ്. 2,000 രൂപ മുതൽ 20,000 രൂപ വരെയാണു നിരക്ക്. നവംബർ, ഡിസംബർ മാസങ്ങളിൽ വലിയ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 10 വിവാഹം നടന്നു.
കോടിക്കിലുക്കം
കെടിഡിസി വാട്ടർ സ്കേപ് റിസോർട്ടിനു ഡിസംബറിൽ 1.5 കോടി രൂപ വരുമാനം. കഴിഞ്ഞ വർഷം ഡിസംബറിൽ ലഭിച്ചത് 95 ലക്ഷം രൂപ. കഴിഞ്ഞ വർഷം നവംബറിൽ 1.5 കോടി രൂപയ്ക്കടുത്ത് എത്തിയിരുന്നു. ഈ ഡിസംബറിൽ 1,048 സഞ്ചാരികൾ എത്തി. പോയവർഷം 12 വിവാഹങ്ങൾ ഇവിടെ നടന്നു.
കുമരകം സ്പെഷൽ
കുമരകം പുതുവത്സരാഘോഷത്തിന് എത്തിയ സഞ്ചാരികൾക്കു സൂര്യാസ്തമയം കാണാൻ ഹോട്ടലുകളും റിസോർട്ടുകളും പ്രത്യേക സൗകര്യങ്ങളൊരുക്കി. ഹൗസ്ബോട്ടുകളും ശിക്കാര വള്ളങ്ങളും കായൽ യാത്രയ്ക്കു തയാറാക്കി. നാടൻ കലാപരിപാടികൾ മിക്ക ഹോട്ടലുകളിലുമുണ്ടായിരുന്നു. കുമരകത്തെ കള്ളുചെത്ത്, ഓല മെടയൽ, കയർപിരി, വലവീശൽ, ചൂണ്ടയിടൽ തുടങ്ങിയവയും സ്പെഷലായി.