ജനപ്രിയനേതാവിന് മണിപ്പുരിന്റെ നൊമ്പരപ്പൂക്കൾ...
Mail This Article
പുതുപ്പള്ളി ∙ ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച് മണിപ്പുരിൽ നിന്നെത്തിയ 17 അംഗ വിദ്യാർഥി സംഘം. നഴ്സിങ് പഠനത്തിനിടെ ലഭിച്ച അവധിയാഘോഷിക്കാൻ നാട്ടിൽ പോകാൻ സാധിക്കാത്തതിനാൽ ബെംഗളൂരുവിൽ നിന്നു കഴിഞ്ഞ ഡിസംബർ 12ന് കേരളം സന്ദർശിക്കാൻ എത്തിയതാണ് ഇവർ. ഒഴിവുകാലം അവസാനിച്ച് സംഘം തിരിച്ചുപോകുന്നതിനു മുന്നോടിയായി ഭരണങ്ങാനത്തേക്ക് നടത്തിയ യാത്രയ്ക്കിടെ പുതുപ്പള്ളി സന്ദർശിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പാഞ്ജലി നടത്തി പ്രാർഥിച്ച സംഘത്തെ ചാണ്ടി ഉമ്മൻ എംഎൽഎയും കണ്ടു.
കേരളത്തിലെ മുഴുവൻ ജനങ്ങളും മണിപ്പുരിനൊപ്പം ഉണ്ടെന്നും വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പോടെ മണിപ്പുർ ജനതയ്ക്ക് നീതി ലഭിക്കുമെന്നും ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സ്ഥിതിഗതികൾക്കു മാറ്റമുണ്ടാക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണിപ്പുരിലെ പ്രശ്നബാധിത പ്രദേശത്ത് നിന്നു ബന്ധുക്കളുടെയും സൈന്യത്തിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തിയ കുട്ടികൾ കഴിഞ്ഞ 3 മാസമായി ബെംഗളൂരുവിൽ നഴ്സിങ് പഠിച്ചുവരുകയായിരുന്നു. ഇവരെ ദിവ്യകാരുണ്യ മിഷൻ, ഗോത്ര യൂത്ത് സെന്ററാണ് ഒരു മാസത്തേക്ക് കേരളത്തിലേക്ക് ക്ഷണിച്ചത്. മിഷൻ ഡയറക്ടർ ബോബി പീറ്റർ, സെക്രട്ടറി നിർമല കരുണ, ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജി പാലക്കലോടി എന്നിവർ സംഘത്തിന് നേതൃത്വം നൽകി.