ADVERTISEMENT

കോട്ടയം ∙ കിരാതാർജുനീയം ബാലെ. തപസ്സു മുടക്കാനെത്തിയ അപ്സരസ്സ് ആദ്യം അർജുനന്റെ മനസ്സിളക്കി. ആ വേഷമവതരിപ്പിച്ച നർത്തകന്റെയും മനസ്സിളക്കി! നർത്തകനും നർ‌ത്തകിയും അനുരാഗബദ്ധരായി.   കാണികളുടെ പ്രശംസ ഏറ്റുവാങ്ങിയ ‘അർജുനനും അപ്സരസ്സും’ എന്ന ബാലെയിലെ നായകനും നായികയും ജീവിതത്തിലും ഒന്നിച്ചു. ചെല്ലപ്പന്റെയും ഭവാനിയുടെയും പ്രണയത്തിനും തുടർന്നു വിവാഹത്തിനും കാരണമായ ബാലെ അരങ്ങേറിയതു രാജഭരണകാലത്ത് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലെ രാജസദസ്സിലായിരുന്നു.

ചമ്പക്കുളം പരമു പിളളയുടെ മകൻ ചെല്ലപ്പൻ 1937ൽ അമ്മാവനും അന്നത്തെ കൊട്ടാരം നർത്തകനുമായ ഗുരു ഗോപിനാഥിന്റെ കീഴിൽ നൃത്തം അഭ്യസിക്കാൻ ശ്രീചിത്രോദയ നൃത്തകലാലയത്തിൽ എത്തി. തൊട്ടടുത്ത വർഷം കുമരകം കൊച്ചുചെമ്പകശേരി പത്മനാഭപിളളയുടെ മകൾ തങ്കമ്മയും നൃത്തം പഠിക്കാനെത്തി. ക്ലാസിൽ 3 തങ്കമ്മമാർ ഉണ്ടായിരുന്നതിനാൽ കുമരകത്തെ തങ്കമ്മയ്‌ക്ക് ഗുരുജി (ഗുരു ഗോപിനാഥ്) പുതിയ പേരിട്ടു – ഭവാനി.

ചിത്തിരതിരുനാൾ മഹാരാജാവും അമ്മ മഹാറാണി സേതുപാർവതീബായിയും ഇടയ്ക്ക് കളരി സന്ദർശിച്ചിരുന്നു. കൊട്ടാരത്തിൽ‍ വിശിഷ്‌ടാതിഥികൾ എത്തുമ്പോൾ നൃത്തരൂപങ്ങൾ അവതരിപ്പിക്കുക പതിവായിരുന്നു.  അച്ചടക്കത്തിന്റെ കാര്യത്തിൽ ഗുരുജി കർക്കശക്കാരനായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചങ്ങാത്തം അനുവദിക്കില്ല. ഒരുമിച്ചുള്ള നൃത്തക്ലാസിൽ മാത്രമേ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ കാണൂ. അതോടെ നൃത്തത്തിന്റെ മുദ്രകളും ചുവടുകളും ആംഗ്യഭാഷയും ഉപയോഗിച്ച് ചെല്ലപ്പന്റെയും ഭവാനിയുടെയും പ്രണയം പുരോഗമിച്ചു. 

ഗുരു ഗോപിനാഥും ശിഷ്യരും 1946ൽ അന്നത്തെ മദ്രാസിലേക്കു തട്ടകം മാറ്റി. കെ.സുബ്രഹ്‌മണ്യം തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെടുത്ത നർത്തനമുരളി എന്ന ചിത്രത്തിൽ ചെല്ലപ്പൻ കംസനായും ഭവാനി മായാ പൂതനയായും വേഷമിട്ടു. പക്ഷേ, സിനിമ പുറത്തിറങ്ങിയില്ല. 

പിന്നീട് ഇവർ നാട്ടിലെത്തി. കുമരകത്തായിരുന്നു വിവാഹം. അതിനുശേഷം സിലോണിൽ ജാഫ്‌ന സ്‌കൂൾ ഓഫ് ഡാൻസിന്റെ പ്രിൻസിപ്പലായി ചെല്ലപ്പനും പ്രഫസറായി ഭവാനിക്കും ജോലി കിട്ടി. അവിടെ നിന്നു രാജിവച്ചാണ് ഇരുവരും കോട്ടയത്തു ഭാരതീയ നൃത്യകലാലയം തുടങ്ങിയത്. സംവിധായകൻ അരവിന്ദന്റെ പിതാവ് എം.എൻ.ഗോവിന്ദൻനായർ താൽപര്യമെടുത്ത് യൂണിയൻ ക്ലബ്ബിനു സമീപം മങ്കൊമ്പ് നാണുക്കുട്ടൻ നായരുടെ വീട്ടിൽ ഡാൻസിനായി കളരി ഒരുങ്ങി. കലാപ്രവർത്തകനായിരുന്ന സി.ടി.ജോൺ അക്കരയുടെ നേതൃത്വത്തിലുള്ള ആർട്‌സ് ക്ലബ്ബിൽ ഇവരുടെ കേരളനടനം അരങ്ങേറി. 

ഭവാനി–ചെല്ലപ്പൻ ദമ്പതികൾ നാലു പതിറ്റാണ്ടിനിടെ 41 ബാലെ കഥകൾ ഉത്സവവേദികളിൽ അവതരിപ്പിച്ചു. ചെല്ലപ്പൻ 2004ൽ അന്തരിച്ചു. സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവിടങ്ങളിൽ നിന്നു ഭവാനി പുരസ്കാരങ്ങൾ നേടി. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയിൽനിന്നു ഗുരുശ്രേഷ്ഠ അവാർഡ് നേടിയിട്ടുണ്ട്. 

കേരളനടനത്തിലും തെളിഞ്ഞ മികവ്
കോട്ടയം ∙  ഭർത്താവ് ചെല്ലപ്പന്റെ മരണത്തോടെ ഭവാനി ബാലെ രംഗത്തിനോടു വിട ചൊല്ലി. വേദികളിലെ രംഗപടവും പുരാണകഥാപാത്രങ്ങളുടെ വർണപ്പകിട്ടാർന്ന കിരീടം ഉൾപ്പെടെയുള്ള വേഷങ്ങളും 2012ൽ ഗുരു ഗോപിനാഥിന്റെ പേരിൽ തിരുവനന്തപുരത്തുള്ള ദേശീയ നൃത്തമ്യൂസിയത്തിനു സംഭാവന നൽകി. 

വിശ്രുത നർത്തകിമാരും നടിമാരുമായ ലളിത–പത്മിനി–രാഗിണിമാർ ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിൽ പഠിച്ച കാലത്താണു ഭവാനിയും അവിടെ നൃത്തം അഭ്യസിച്ചത്. കേരളനടനത്തിൽ പ്രത്യേകം വൈദഗ്ധ്യം നേടിയിരുന്നു. 

1998ൽ കേരളനടനം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഭവാനി ചെല്ലപ്പന്റെ ശിഷ്യയായ മീര കൃഷ്ണയ്ക്കാണ് ഒന്നാം സ്ഥാനം കിട്ടിയത്. ഉർവശീയം കഥ അടിസ്ഥാനമാക്കി രാജാ ശ്രീകുമാർ വർമയാണു ശ്ലോകം എഴുതിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com