ശബരിമല അയ്യപ്പൻ പള്ളിയുറങ്ങുന്ന പട്ടുമെത്ത; സാഹോദര്യം നെയ്ത് അബ്ദുൽഖാദർ

Mail This Article
കോട്ടയം ∙ അയ്യപ്പനും വാവരും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ വിശ്വാസവഴിയിൽ സാഹോദര്യത്തിന്റെ സുഗന്ധമായി പട്ടുമെത്ത. ഭക്തലക്ഷങ്ങൾ ദർശനപുണ്യം തേടി എത്തുന്ന ശബരിമലയിൽ ഉത്സവാചാരത്തിന്റെ ഭാഗമായി അയ്യപ്പൻ പള്ളിയുറങ്ങുന്ന പട്ടുമെത്ത നെയ്തെടുത്തത് അബ്ദുൽ ഖാദർ. ചുങ്കം വാരിശേരി അന്താറത്തറ അബ്ദുൽ ഖാദറാണ് വർഷങ്ങളായി മെത്ത നെയ്യുന്നത്. കൊട്ടാരക്കര സ്വദേശി സജി മുന്നയാണ് 16 വർഷമായി പട്ടുമെത്ത വഴിപാടായി സമർപ്പിക്കുന്നത്. ചന്തയിൽ മെത്തക്കട (ബെഡ് എംബോറിയം) നടത്തുന്ന ഖാദറിന്റെ പിതാവ് എ.കെ.മുഹമ്മദാലിയാണ് ആദ്യവർഷങ്ങളിൽ മെത്ത നൽകിയിരുന്നത്.
അതിനിടെ ഒരു വർഷം ഖാദർ നൽകി. അയ്യപ്പ വിഗ്രഹത്തിന്റെ അളവുമായി ഏറ്റവും യോജിച്ച മെത്തയായിരുന്നു അത്. പിന്നെ എല്ലാവർഷവും മെത്തയുടെ നിർമാണം ഖാദറിന്റെ കൈകളിൽ എത്തി. ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയിട്ടില്ലാത്ത ഖാദർ മനക്കണക്ക് അനുസരിച്ചാണ് മെത്ത തയാറാക്കുന്നത്. വൈകാതെ ശബരിമലയിൽ പോകുമെന്നും ഖാദർ പറഞ്ഞു. നാടൻപഞ്ഞിയും കോട്ടൺതുണിയുമാണ് മെത്തയ്ക്ക് ഉപയോഗിക്കുന്നത്.
വഴിപാടു നേർന്ന സജി 20നു മല ചവിട്ടി 21നു മെത്ത സമർപ്പിക്കും. ഉത്സവത്തിന്റെ ഒൻപതാം നാളായ 24നു രാത്രി 10ന് ശരംകുത്തിയിൽ പ്രതീകാത്മക വനത്തിലാണ് പള്ളിവേട്ട. വേട്ട കഴിഞ്ഞ് അശുദ്ധമായതിനാൽ ശ്രീകോവിലിനു പുറത്ത് മണ്ഡപത്തിലാണ് അയ്യപ്പന്റെ പള്ളിയുറക്കം. അതിനാണ് പട്ടുമെത്ത ഉപയോഗിക്കുന്നത്. പിറ്റേന്ന് പശുക്കിടാവിനെ കണികണ്ടാണ് അയ്യപ്പൻ ഉണരുന്നത്. പമ്പയിൽ ആറാട്ടോടെ ഉത്സവം സമാപിക്കും.