ADVERTISEMENT

കോട്ടയം ∙ ഒരേ രീതിയിലുള്ള അപകടം ആവർത്തിച്ച് നാഗമ്പടം. കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മ കണ്ടെയ്നർ ലോറിക്കടിയിൽപെട്ട് ദാരുണമായി മരണപ്പെട്ടിരുന്നു. റെയിൽവേ മേൽപാലത്തിൽ വച്ചായിരുന്നു അപകടം. 2021 മാർച്ചിലും സമാന രീതിയിൽ ഇവിടെ അപകടം ഉണ്ടായി. മീനച്ചിലാർ പാലത്തിലേക്ക് കയറുമ്പോഴാണ് അന്നു ദമ്പതികൾ യാത്ര ചെയ്ത സ്കൂട്ടർ അപകടത്തിൽപെട്ടത്. അന്നും ഭർത്താവിനൊപ്പം യാത്ര ചെയ്ത ഭാര്യ ടോറസിനു അടിയിലേക്ക് വീഴുകയായിരുന്നു. ഈ രണ്ട് അപകടങ്ങൾക്ക് ഇടയിലുള്ള മാസങ്ങളിൽ ചെറിയ രീതിയിലുള്ള ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും അപകട കാരണങ്ങളെക്കുറിച്ച് കാര്യമായ പഠനം നടത്താൻ അധികൃതർ തയാറായിട്ടില്ല.

അപകടത്തിലേക്ക് പാലം തുറന്ന്
നാഗമ്പടത്തെ 2 പാലങ്ങൾ അപകടത്തിലേക്ക് തുറന്നിരിക്കുന്നവയാണെന്നാണ് നാട്ടുകാരുടെ പരാതി. ഏറ്റുമാനൂർ ഭാഗത്തു നിന്നു വരുമ്പോൾ റോഡിന് വീതിയുണ്ട്. എന്നാൽ, മീനച്ചിലാർ പാലത്തിലേക്ക് എത്തുമ്പോൾ 2 വാഹനങ്ങൾക്ക് മാത്രം കടന്നു പോകാവുന്ന വീതി മാത്രം. വാഹനങ്ങൾ ഒറ്റ വരിയായി മാറും. ഇതിനിടയിൽ വാഹനങ്ങൾ കുത്തിക്കയറ്റുന്നതാണ് അപകടത്തിനു കാരണം. പാലത്തിന്റെ മറുവശത്ത് റെയിൽവേ ഗുഡ്സ് ഷെഡ് റോഡിലേക്ക് വാഹനങ്ങൾ തിരിയുന്നതും ഗതാഗതക്കുരുക്കിനു കാരണമാണ്. കോട്ടയം ഭാഗത്തു നിന്നു മീനച്ചിലാർ പാലത്തിലേക്ക് പ്രവേശിക്കുന്നതു കുത്തനെ ഇറക്കം ഇറങ്ങി വളവ് തിരിഞ്ഞാണ്. ഇവിടെയും നിര തെറ്റിക്കുന്ന വാഹനങ്ങൾ തമ്മിൽ തട്ടുന്നതു പതിവാണ്. നാഗമ്പടത്തെ വളവിൽ പാലത്തോടു ചേർന്നുള്ള അനധികൃത ബസ് സ്‌റ്റോപ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഇവിടെ സ്റ്റോപ് പാടില്ലെന്നു ഗതാഗത ഉപദേശക സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വാഹനങ്ങളുടെ കണക്ക് ഇങ്ങനെ
നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലൂടെ ഒരു ദിവസം ശരാശരി 36,000 വാഹനങ്ങൾ കടന്നു പോകുന്നതായി നാറ്റ്പാക് പഠന റിപ്പോർട്ട് പറയുന്നു. 8 മുതൽ 6 വരെ കടന്നു പോകുന്ന വാഹനങ്ങളുടെ കണക്കാണ് ഇത്. ബേക്കർ ജംക്‌ഷനിലൂടെ ശരാശരി 4200 ബസുകളാണ് 10 മണിക്കൂറിനുള്ളിൽ കടന്നു പോകുന്നത്. ഇതിൽ 900 എണ്ണം കെഎസ്‌ആർടിസി ബസുകളാണ്. ഈ ബസുകൾ മുഴുവനും നാഗമ്പടം പാലത്തിലൂടെയാണ് പോകുന്നത്. ശരാശരി 2500 സ്വകാര്യ ബസുകൾ നാഗമ്പടം പാലത്തിലൂടെ ദിവസവും കടന്നു പോകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com