കെഎസ്ഇബി പാലാ ഡിവിഷനിൽ അപ്രതീക്ഷിത പവർകട്ട്; 16 മണിക്കൂർ വരെ വൈദ്യുതി മുടങ്ങി

Mail This Article
പാലാ∙ പാലാ ഡിവിഷനു കീഴിൽ വരുന്ന പാലാ, ഭരണങ്ങാനം, പൈക, രാമപുരം സെക്ഷനുകളിലെ ഉപഭോക്താക്കളെ വലച്ച് അപ്രതീക്ഷിത വൈദ്യുതി മുടക്കം. വ്യാഴാഴ്ച വൈകുന്നേരം ആറരയോട് കൂടി മുടങ്ങിയ വൈദ്യുതി വിതരണം ആറു മുതൽ 16 മണിക്കൂർ വരെ നീണ്ടു. ക്രൈസ്തവ വിശ്വാസികളായ ഉപഭോക്താക്കൾ മെഴുകുതിരി വെളിച്ചത്തിലാണ് പെസഹ അപ്പം മുറിച്ചത്. മഴ മൂലമാണ് വൈദ്യുതി മുടങ്ങിയതെന്നാണ് കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഇത്തരം സംഭവങ്ങൾ യാദൃശ്ചികമല്ലെന്നും പാലാ ഡിവിഷനിൽ സ്ഥിരമായി ഉണ്ടാകാറുള്ളതാണെന്നും ഉപഭോക്താക്കൾ ആരോപിക്കുന്നു. പാല, ഭരണങ്ങാനം പൈക സെക്ഷനുകളിൽ ഉണ്ടായിക്കൊണ്ടിരുന്ന നിരന്തരമായ ഇത്തരം വൈദ്യുതി മുടക്കങ്ങൾ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വത പരിഹാരം കാണുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
പാലാ ഡിവിഷനു കീഴിലെ വിതരണ ശൃംഖലയിൽ കേന്ദ്രസർക്കാരിന്റെ ഇന്റർഗ്രേറ്റർ പവർ ഡെവലപ്മെന്റ് സിസ്റ്റം വഴി നടപ്പിലാക്കിയ പല പദ്ധതികളും അഴിമതിയും വസ്തുക്കളുടെ ഗുണമില്ലായ്മയും മൂലം ഉപഭോക്താക്കൾക്ക് വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇത്തരം വർക്കുകളുടെ ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജിലൻസ് പരിശോധന നടത്തണമെന്നും വർക്കുകളുടെ ഫണ്ട് വിനിയോഗം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിനും വിജിലൻസിനും പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികളും വിവിധ സംഘടനകളും.
പാല സെക്ഷന് കീഴിലെ പാല നഗരത്തിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഭൂഗർഭ 11 കെവി വിതരണ ശൃംഖല തയ്യാറാക്കിയെങ്കിലും വൈദ്യുതി മുടക്കം നിത്യസംഭവമാണ്. പാലാ, ഭരണങ്ങാനം, പൈക, രാമപുരം സെക്ഷനുകളിലെ ഓവർ ഹെഡ് ലൈനുകളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിരിക്കുന്ന എഫ്.പി.ഡി. ഉണ്ടായിട്ടും ദീർഘസമയം വൈദ്യുതി മുടങ്ങി കിടക്കുന്നു.
ഭരണങ്ങാനം സെക്ഷനുകളിൽ വേണ്ടത്ര 11 കെവി ഫീഡർ സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും നിത്യസംഭവമാണ്. പെസഹാ ദിനത്തിൽ ഭരണങ്ങാനം സെക്ഷന് കീഴിലുള്ള 89 ട്രാൻസ്ഫോമറുകളും ഓഫ് ആയി കിടക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഭരണങ്ങാനം സെക്ഷൻ പരിധിയിലെ ഫീഡറുകളും വിതരണ ശൃംഖലയും പുനഃക്രമീകരിച്ച് ഭരണങ്ങാനം, പൈക സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പൈക സെക്ഷനിലും സ്ഥിതി വിഭിന്നമല്ല. മിക്കവാറും ദിവസങ്ങളിലും മണിക്കൂറുകൾ വൈദ്യുതി മുടങ്ങിക്കിടക്കുന്നു. പൈക സെക്ഷനിൽ വൈദ്യുതി മുടങ്ങിയാൽ പലപ്പോഴും ഉപഭോക്താക്കൾ ലാൻഡ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ കിട്ടാറില്ല എന്നും സിയുജി നമ്പർ ഓഫാക്കി ഇടുന്നതായും ഉപഭോക്താക്കൾ ആരോപിക്കുന്നു. ഫോണിൽ ലഭിച്ചാൽ "കറണ്ട് പോയാൽ വരും" എന്നിങ്ങനെ ധാർഷ്ട്യത്തോടെയുള്ള മറുപടികളാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കൾ ആരോപിക്കുന്നു.
പെസഹാ ദിനത്തിൽ പാല, രാമപുരം, ഭരണങ്ങാനം, പൈക സെക്ഷനുകളിൽ ഉണ്ടായ ദീർഘമായ വൈദ്യുതി മുടക്കത്തിന്റെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുത മന്ത്രിക്കും വകുപ്പ് ചെയർമാനും പരാതി നൽകുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.