വിരമിക്കൽ ആഘോഷം ഒഴിവാക്കി; 20 വിദ്യാർഥികൾക്ക് സൗജന്യ ഫൈബർ കണക്‌ഷൻ
Mail This Article
കോട്ടയം ∙ വിരമിക്കുന്ന ദിവസത്തെ ആഘോഷങ്ങൾ ഒഴിവാക്കി 20 വിദ്യാർഥികൾക്കു ബിഎസ്എൻഎൽ ഫൈബർ കണക്‌ഷൻ സൗജന്യമായി നൽകി ബിഎസ്എൻഎൽ ജീവനക്കാരൻ. സർക്കാർ സർവീസിൽ നിന്നു വിരമിക്കുമ്പോൾ ജീവനക്കാർ സഹപ്രവർത്തകർക്കായി വിരുന്നു നടത്തുന്നതു പതിവാണ്. കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്തു വിരമിച്ച ഗ്രാമദീപം പറപ്പള്ളിക്കുന്നേൽ പി.എൻ.സോജനാണു ചിറക്കടവ് പഞ്ചായത്തിലെ ഗ്രാമദീപം, താവൂർ, മണക്കാട്ട് പ്രദേശങ്ങളിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, പോളിടെക്നിക് വിദ്യാർഥികൾക്കു ബിഎസ്എൻഎൽ ഫൈബർ കണക്‌ഷൻ സൗജന്യമായി നൽകിയത്.
42 വർഷത്തെ സേവനത്തിനു ശേഷമാണു സോജൻ വിരമിച്ചത്. 6 കണക്‌ഷനുകൾ ഇന്നലെ നൽകി. ബാക്കിയുള്ള 14 എണ്ണം ഇന്നും നാളെയുമായി നൽകും. 20 വീടുകളിലും ഒരു വർഷത്തേക്കാണു സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ. നാട്ടിലെ പൊതുപ്രവർത്തകരുടെ സഹായത്തോടെ അർഹരായവരുടെ പട്ടിക തയാറാക്കി പരിശോധിച്ചാണു വിദ്യാർഥികളെ തിരഞ്ഞെടുത്തത്. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി, കോട്ടയം താരാപഥ ട്രസ്റ്റ് ചെയർമാൻ, പുരോഗമന കലാസാഹിത്യ സംഘം വാഴൂർ ഏരിയ കമ്മിറ്റിയംഗം, ബിഎസ്എൻഎൽ കോട്ടയം ലോക്കൽ കൗൺസിലിൽ സ്റ്റാഫ് സൈഡ് സെക്രട്ടറി, ചിറക്കടവ് ഗ്രാമദീപം വായനശാല സെക്രട്ടറി, റസിഡന്റ്സ് അസോസിയേഷൻ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മക്കൾ: കലാമണ്ഡലം അനു, അനന്തു. മരുമകൻ: ശ്രീഹരി.