ഒന്നേകാൽ പവന്റെ വള രോഗികൾക്ക് മരുന്നു വാങ്ങാനായി നൽകി; 'സ്നേഹം മരുന്നായി'

Mail This Article
കടുത്തുരുത്തി ∙ സ്വർണത്തെക്കാൾ തിളക്കമുണ്ട് ഷൈല കുമാരിയുടെ ഈ നല്ല പ്രവൃത്തിക്ക്.മുളക്കുളം സഹകരണ ബാങ്കിലെ ചീഫ് അക്കൗണ്ടന്റായിരുന്ന വെള്ളൂർ മറ്റത്തിൽ ഷൈലകുമാരി ഒന്നേകാൽ പവന്റെ വള രോഗികൾക്ക് മരുന്നു വാങ്ങാനായി നൽകി. 27 വർഷത്തെ സർവീസിന് ശേഷം കഴിഞ്ഞ ദിവസം ബാങ്കിൽനിന്നു ഷൈലകുമാരി വിരമിച്ചു. ഷൈലകുമാരിക്ക് സഹപ്രവർത്തകരായ ജീവനക്കാർ ചേർന്ന് സമ്മാനിച്ച ഒന്നേകാൽ പവൻ വളയാണ് രോഗികൾക്കായി നൽകിയത്.
പെരുവയിൽ പ്രവർത്തിക്കുന്ന സൗഹൃദയ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റും പൊതുപ്രവർത്തകനുമായ ടി.എം.സദനാണ് വള കൈമാറിയത്. സദൻ നേതൃത്വം നൽകുന്ന ‘മരുന്നുവണ്ടി’യിലൂടെ കാൻസർ രോഗികൾക്ക് അടക്കം മരുന്നു വാങ്ങുന്നതിനും ചികിത്സയ്ക്കും സഹായം നൽകുന്നുണ്ട്. 3വർഷം മുൻപാണ് മരുന്നുവണ്ടി ആരംഭിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ സഹായം രോഗികൾക്കായി നൽകിയിട്ടുണ്ട്.