ഒറിജിനലിനെ വെല്ലുന്ന പാലങ്ങൾ; കോട്ടയത്തേക്ക് പഞ്ചവടി‘പ്പാലമിട്ട’ ബാലൻ

Mail This Article
കോട്ടയം ∙ സിനിമയ്ക്കു വേണ്ടിയാണെങ്കിലും ബലവത്തായ 2 പാലങ്ങൾ സെറ്റിട്ടു നിർമിച്ച കഥയാണ് അന്തരിച്ച നിർമാതാവ് ഗാന്ധിമതി ബാലനെ ഓർമിക്കുമ്പോൾ കോട്ടയംകാർക്കു പറയാനുള്ളത്. ഒറിജിനലിനെ വെല്ലുന്ന പാലങ്ങളായിരുന്നു അവ. 40 വർഷം മുൻപു പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന സിനിമയ്ക്കു വേണ്ടിയാണു പാലങ്ങൾ നിർമിച്ചത്.
വേളൂർ കൃഷ്ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ ’ എന്ന കഥയെ ആസ്പദമാക്കിയായിരുന്നു തിരക്കഥ. ‘ഐരാവതക്കുഴി’ എന്ന സാങ്കൽപിക പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്നതാണു സിനിമ. തകരാറൊന്നുമില്ലാതിരുന്ന പാലം കേടാണെന്നു മനഃപൂർവം പ്രചരിപ്പിച്ചശേഷം മറ്റൊരു പാലം നിർമിച്ചു. ഉദ്ഘാടന ദിവസം പുതിയ പാലം തകരുന്നതാണു കഥാസാരം.
കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കലിലും കുമരകം കവണാറ്റിൻകരയിലുമാണു സിനിമയ്ക്കായി പാലങ്ങൾ നിർമിച്ചത്. ഇല്ലിക്കൽ പഴയ പാലത്തിന്റെ തൂണിൽ നിർമിച്ച പാലമാണു സിനിമയുടെ മുഴുവൻസമയ ചിത്രീകരണത്തിന് ഉപയോഗിച്ചത്.
ഈ പാലമാണു കേടുണ്ടെന്നു വരുത്തി പൊളിച്ചത്. പിന്നീടു പുതുക്കി പണിതതായി സിനിമയിൽ കാണിക്കുന്നതു കവണാറ്റിൻകരയിലെ പാലമാണ്. ഉദ്ഘാടന ദിവസം ഈ പാലത്തിന്റെ നടുഭാഗം പൊളിയുന്നതായാണു സിനിമയിൽ കാണിക്കുന്നത്. പാലത്തിന്റെ രണ്ടു വശങ്ങൾക്കും തകരാർ ഉണ്ടായില്ല.
ചിത്രീകരണത്തിനു ശേഷം ഏറെനാൾ കഴിഞ്ഞാണു കവണാറ്റിൻകരയിലെ പാലം പൂർണമായും പൊളിച്ചത്. ഈ ഇടവേളയിൽ നാട്ടുകാർ അക്കരെയിക്കരെ കടക്കാൻ ചെറിയ തോതിൽ പാലം ഉപയോഗിച്ചെങ്കിലും ചില അപകടങ്ങളുണ്ടായതോടെ പൊളിക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം കവണാറിനു കുറുകെ സർക്കാർ പാലം പണിതു. വേളൂർ കൃഷ്ണൻകുട്ടിയുടെ കുടുംബത്തിനു പണ്ടു മുതലേ ബാലനുമായി പരിചയമുണ്ടായിരുന്നെന്നു മകൻ നടുവിലേക്കര എൻ.കെ.വിനോദ് പറഞ്ഞു.