ദേശീയപാതയിൽ ലോറികളുടെ മരണപ്പാച്ചിൽ
Mail This Article
വാഴൂർ ∙ ദേശീയപാത 183ൽ ടിപ്പർ ലോറികൾ മരണപ്പാച്ചിൽ എന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം ടിപ്പർ ലോറി ഇടിച്ചു ഇളംപള്ളി കവലയിലെ റോഡ് ശിലാഫലകവും കരിങ്കൽ കെട്ടും തകർന്നു. നെടുമാവിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിലും 17–ാം മൈലിൽ വൈദ്യുത തൂൺ ടിപ്പർ ലോറി ഇടിച്ചു ഒടിഞ്ഞു വീണതും അടുത്ത സമയത്താണ്. പുലർച്ചെയുള്ള ഓട്ടത്തിനിടയിൽ ചെറിയ അപകടങ്ങൾ ഉണ്ടായാലും നിർത്താതെ പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലോഡ് എത്തിക്കുകയാണ് ലക്ഷ്യം.
രാവിലെ നാലര മുതൽ ലോഡുമായി നിരത്തിലിറങ്ങുന്ന ടിപ്പറുകൾ അമിത വേഗത്തിലാണ് പോകുന്നത്. ഇതാണ് അപകടങ്ങൾക്ക് കാരണം. വളവ് തിരിയുമ്പോൾ മണ്ണ്, കല്ല്, മെറ്റൽ എന്നിവ റോഡിൽ നിരക്കും. പിന്നാലെ എത്തുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവാണ്.വീതി കുറഞ്ഞ, വളവും കുത്തിറക്കവും ഉള്ള ദേശീയപാതയിൽ ടിപ്പറുകൾ കൂട്ടത്തോടെ ഇറങ്ങിയാൽ പിന്നെ മറ്റ് യാത്രക്കാരുടെ കാര്യം ബുദ്ധിമുട്ടിലാകും. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്.