ഈ കുഴിയൊന്ന് മൂടാമോ പ്ലീസ്? ഗതാഗതക്കുരുക്കും അപകടവും നിത്യസംഭവം

Mail This Article
ഫാത്തിമാപുരം ∙ ജീവനെടുക്കുന്ന കുഴിയടയ്ക്കാതെ അധികൃതർ. ഒടുവിൽ സഹികെട്ട് ജനം മുന്നറിയിപ്പ് കൊടി കെട്ടി. കവിയൂർ റോഡിൽ ഫാത്തിമാപുരം റെയിൽവേ മേൽപാലത്തിനും ജംക്‌ഷനുമിടയിൽ സ്വകാര്യ ഇന്റർനെറ്റ് കമ്പനിയെടുത്ത റോഡിലെ കട്ടിങ്ങാണ് ഇന്ന് യാത്രക്കാരുടെ ജീവനെടുക്കുന്ന കുഴിയായി മാറിയത്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയും മകളുമുൾപ്പടെ രണ്ട് ഇരുചക്രവാഹനയാത്രക്കാരാണ് ഇവിടെ അപകടത്തിൽപെട്ടത്. ഇന്റർനെറ്റ് കമ്പനി കുഴിയെടുത്ത് സ്ലാബ് സ്ഥാപിച്ചതിനു ശേഷം കൃത്യമായി കോൺക്രീറ്റ് ചെയ്യാത്തതാണ് ഇപ്പോൾ വലിയ കുഴിയായിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
സ്വകാര്യ ബസുകളടക്കം സർവീസ് നടത്തുന്ന വീതി കുറഞ്ഞ റോഡിലുണ്ടായ വലിയ കുഴി ഗതാഗതക്കുരുക്കിനും കാരണമായി. മഴ പെയ്ത് വെള്ളം കെട്ടി നിന്ന് റോഡിലെ കുഴി തിരിച്ചറിയാതെ ഒട്ടേറെ ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. രാത്രി പ്രദേശത്ത് കൂരിരുട്ടായതിനാൽ റോഡിലെ കെണിയറിയാതെ അപകടത്തിൽ പെടുന്നവരും ഏറെ. നാട്ടുകാർ ഓടിയെത്തിയാണ് പലരെയും ആശുപത്രിയിൽ കൊണ്ടു പോകുന്നത്. അപകടം പതിവായപ്പോൾ സമീപവാസിയായ ദൃശ്യ തമ്പിയാണ് മുന്നറിയിപ്പിനായി കൊടി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഇതു വഴിയെത്തിയ ജോബ് മൈക്കിൾ എംഎൽഎയെ റോഡിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ പരാതി അറിയിച്ചു.
ജംക്‌ഷൻ കുളംതോണ്ടി ജലഅതോറിറ്റി
ഫാത്തിമാപുരം ജംക്‌ഷനിൽ ജലഅതോറിറ്റി എടുത്ത കുഴിയിൽ നിന്നും കരകയറാൻ യാത്രക്കാർ പാട് പെടും. സ്ഥിരമായി പൈപ്പ് പൊട്ടുന്നത് പരിഹരിക്കാനെടുത്ത ഭാഗം ഇതു വരെ ടാറിങ് നടത്തിയില്ല. ഗതാഗതക്കുരുക്കും അപകടവും പതിവാണ്. ഇരുചക്രവാഹന യാത്രക്കാർ നിയന്ത്രണം നഷ്ടമായി മറിഞ്ഞു വീഴുന്നത് നിത്യസംഭവമാണ്.