ആർപ്പൂക്കര പഞ്ചായത്ത് വെള്ളത്തിൽ; ഇരുനൂറോളം വീടുകളിൽ വെള്ളം കയറി
Mail This Article
ഗാന്ധിനഗർ ∙ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. നൂറുകണക്കിനു വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. ഇടറോഡുകൾ വെള്ളത്തിലായതോടെ ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. മീനച്ചിലാറിന്റെ ഭാഗമായ തോടുകൾ കരകവിഞ്ഞതാണ് പ്രദേശത്തെ വെള്ളക്കെട്ടിലാക്കിയത്. വെള്ളക്കെട്ടിനു ശമനമുണ്ടാക്കാൻ കോനകരി തോട്ടിൽ പായലും പോളയും മാലിന്യവും നീക്കം ചെയ്യാനുള്ള നടപടികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. തോടുകളും കിണറുകളും നിറഞ്ഞു കവിഞ്ഞു. ജലനിരപ്പ് ഉയർന്നാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒരു ദുരിതാശ്വാസ ക്യാംപ് സജ്ജമാക്കിയതായി ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അറിയിച്ചു. ഇന്നലെ കരിപ്പൂത്തട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാപ് തുറന്നു.
വെള്ളക്കെട്ട്, പ്രദേശം ഒറ്റപ്പെട്ടു
മൂഴിമുഖം– ചിറേപ്പള്ളി, കരുപ്പ ഭാഗം, റാണി റൈസ് –കാട്ടാഴ റോഡ്, പറയഞ്ചാലി നാലുതോട് റോഡ്, കണിച്ചേരി– മണിയാപറമ്പ് റോഡ് തുടങ്ങിയ റോഡുകളിൽ വെള്ളം കയറിയ നിലയിലാണ്. ഗതാഗതം തടസ്സപ്പെട്ടതോടെ പ്രദേശത്തെ നൂറുകണക്കിനു വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്.
പുറംബണ്ടിലെ വീടുകളിൽ വെള്ളം
ആർപ്പൂക്കര ∙ പായിവട്ടം- കറുകപ്പാടം പുറംബണ്ടിലെ വീടുകളിൽ വെള്ളം കയറി. പുതുശ്ശേരി, പള്ളുത്തുരുത്തി, ഇല്ലിച്ചിറ, വാലേച്ചിറ, കരിപ്പൂത്തട്ട്, മൂഴിമുഖം, നാലുതോട്, മാടശ്ശേരി, കരിപ്പ, പുറവേലി, തോപ്പിൽ പറമ്പ് കടവ്, കല്ലേക്കടവ്, മണിയാപറമ്പ്, അത്താഴപ്പാടം എന്നീ വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കരിപ്പൂത്തട്ട് ഗവൺമെന്റ് ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. ക്യാംപിന്റെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ദീപ ജോസ്, വൈസ് പ്രസിഡന്റ് റോയി പുതുശ്ശേരിയിൽ തുടങ്ങിയവർ നേതൃത്വം നൽകും.
വീടുകൾ വെള്ളത്തിൽ
പുതുശ്ശേരി, പള്ളുത്തുരുത്തി, ഇല്ലിച്ചിറ, വാലേച്ചിറ, കരിപ്പൂത്തട്ട്, മൂഴിമുഖം, നാലുതോട്, മാടശ്ശേരി, കരിപ്പ, പുറവേലി, തോപ്പിൽ പറമ്പ് കടവ്, കല്ലേക്കടവ്, മണിയാപറമ്പ്, അത്താഴപ്പാടം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. പ്രദേശത്ത് നാനൂറോളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പായിവട്ടം- കറുകപ്പാടം പുറംബണ്ടിൽ താമസക്കാരായ നൂറോളം വീടുകളും വെള്ളത്തിലാണ്. മൂഴിമുഖം –കരുപ്പ ഭാഗത്തെ തുരുത്തിലുള്ള 150തോളം വീടുകൾ വെള്ളക്കെട്ടിലാണ്.
എലിപ്പനി പ്രതിരോധമരുന്ന് നൽകി
ആർപ്പൂക്കര∙ പഞ്ചായത്ത് പരിധിയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പടിഞ്ഞാറൻ മേഖലകളിൽ ആർപ്പൂക്കര പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ആരംഭിച്ചു. കരിപ്പ, മണിയാപറമ്പ്, കരിപ്പൂത്തട്ട്, ചീപ്പുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രതിരോധമരുന്ന് വിതരണം ചെയ്യുന്നത്. മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്ന കർഷകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ നിർബന്ധമായും പ്രതിരോധമരുന്ന് കഴിക്കണം. പനി, തലവേദന, പേശി വേദന, മൂത്രത്തിനു നിറവ്യത്യാസം എന്നീ ലക്ഷണങ്ങളുള്ളവർ വിദഗ്ധചികിത്സ തേടുക. നിർബന്ധമായും സ്വയംചികിത്സ ഒഴിവാക്കണമെന്നും അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ അറിയിച്ചു.