കാലവർഷം: രാത്രിയിൽ അതിശക്തമായ മഴ; ഏറ്റുമാനൂർ നഗരത്തിൽ വൻ വെള്ളക്കെട്ട്
Mail This Article
ഏറ്റുമാനൂർ ∙ ഇന്നലെ രാത്രിയിലുണ്ടായ അതിശക്തമായ മഴയിലും കാറ്റിലും ഏറ്റുമാനൂർ നഗരത്തിൽ വൻ വെള്ളക്കെട്ട്. ഒട്ടേറെ വ്യാപാര സ്ഥാനങ്ങളിൽ വെള്ളം കയറി. ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ പലയിടത്തും വൻ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വലിയഗതാഗതക്കുരുക്കാണു രൂപപ്പെട്ടത്. ഇന്നലെ രാത്രി 7 മണിയോടെ ആരംഭിച്ച മഴ 2 മണിക്കൂർ നീണ്ടു നിന്നതോടെയാണു ഏറ്റുമാനൂർ നഗരം വെള്ളത്തിലായത്. ഏറ്റുമാനൂർ വില്ലേജ് ഓഫിസ് പരിസരം, വടക്കേനട, പാറേകണ്ടം, പേരൂർക്കവല, തവളക്കുഴി, കാണക്കാരി, കോണിക്കൽ തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വൻ വെള്ളക്കെട്ടാണു രൂപപ്പെട്ടത്.
ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ മങ്കര കലുങ്ക്, പുന്നത്തുറ കവല, കിസ്മത്ത് പടി, വെട്ടിമുകൾ ഷട്ടർ കവല, കട്ടച്ചിറ തുടങ്ങിയ ജംക്‌ഷനുകളിൽ റോഡിൽ 3 അടിക്കു മുകളിൽ വെള്ളം കയറിയത് നഗരത്തെ വൻ ഗതാഗതക്കുരുക്കിലാക്കി. വൈക്കം റോഡിൽ വില്ലേജ് ഓഫിസിനു സമീപം റോഡിൽ 2 അടിക്കു മുകളിലാണ് വെള്ളം കയറിയത്. ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. പല കടകളിൽ 2 അടിയോളം വെള്ളമുണ്ട്. പേരൂർ കവലയിൽ ഓട നിറഞ്ഞു കവിഞ്ഞു 3 അടിയോളം റോഡിൽ വെള്ളം കയറി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. നഗരത്തിനു പുറത്തുള്ള മറ്റു താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. എംസി റോഡിൽ തെള്ളകം ഭാഗത്തു വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. പുന്നത്തുറയിലും കിസ്മത്ത് പടിയിലും പേരൂർ കവലയിലുമായി നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഏറ്റുമാനൂർ വടക്കേനട ഭാഗത്തും പാറോകണ്ടം ഭാഗത്തും താഴ്ന്ന പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി.