പിറവത്ത് ‘പിടി’ച്ചത് പോത്തുകറി; എൽഡിഎഫ് കൗൺസിലറുടെ നേതൃത്വത്തിൽ പിടിയും പോത്തും
Mail This Article
പിറവം ∙ രണ്ടു കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ബലപരീക്ഷണം നടന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനു കൊഴുപ്പുകൂട്ടാൻ നാട്ടുകാർക്കു ജനകീയ കൂട്ടായ്മയുടെ വക പിടിയും ചൂടൻ പോത്തുകറിയും. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പാർട്ടിയിലെ തന്നെ അംഗവും പിറവം നഗരസഭാ ഭരണത്തിൽ എൽഡി എഫിന് ഒപ്പംനിൽക്കുന്ന കൗൺസിലറുമായ ജിൽസ് പെരിയപ്പുറവും ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകരുമായിരുന്നു പിന്നണിയിൽ.
വിഭവങ്ങളുടെ രുചി നാവിൽനിന്നു മാഞ്ഞാലും മേഖലയിൽ രാഷ്ട്രീയചർച്ചകളും തുടർചലനങ്ങളും ഇതോടെ ഉറപ്പായി. 200 കിലോഗ്രാം അരിപ്പൊടിയും 250 കിലോഗ്രാം പോത്തിറച്ചിയും ഉപയോഗിച്ചാണു 2000 പേർക്കുള്ള വിഭവങ്ങൾ ഒരുക്കിയത്. സമീപത്തെ അഗതി മന്ദിരങ്ങളിലും ബസ് സ്റ്റാൻഡ് പരിസരത്തുമായിരുന്നു വിതരണം. ആഘോഷം കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം അപു ജോസഫ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ടേമിൽ എംപിയായിരുന്ന തോമസ് ചാഴികാടൻ പിറവം മണ്ഡലത്തെ അവഗണിച്ചതിനാൽ പരാജയം ആഘോഷമാക്കുന്നു എന്നാണു കൂട്ടായ്മയുടെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പു മുതൽ ജിൽസ് പെരിയപ്പുറം സ്വന്തം പാർട്ടിയുമായി (കേരള കോൺഗ്രസ് എം) അകൽച്ചയിലാണ്. ഇടയ്ക്കു യുഡിഎഫ് വേദികളിലും എത്താറുണ്ട്. സ്വന്തം മുന്നണിയിലെ സ്ഥാനാർഥിയുടെ പരാജയം ആഘോഷമാക്കിയതിൽ ജിൽസിനെതിരെ പാർട്ടി നടപടിയുണ്ടാകുമോയെന്നാണു ജനം ഒറ്റുനോക്കുന്നത്.