ADVERTISEMENT

കോട്ടയം ∙ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ഇല്ലാത്ത ഇടതുമുന്നണി നേടിയ വോട്ടിൽ നിന്ന് ഇക്കുറി കുറവുവന്നു.  ഇടതുമുന്നണിയുടെ ബേസ് വോട്ടാണു കഴിഞ്ഞ തവണത്തേത്. ഒരു പാർട്ടി കൂടി ഇടതുമുന്നണിയിൽ എത്തിയാൽ സ്വാഭാവികമായി വോട്ട് കൂടേണ്ടതാണ്. എന്നാൽ, കൂടിയില്ലന്നു മാത്രമല്ല, കഴിഞ്ഞതവണ കിട്ടിയ വോട്ടു പോലും ലഭിച്ചില്ല.

കോട്ടയം ലോക്സഭയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടായി. വൈക്കത്തു മാത്രമാണു ഭൂരിപക്ഷമില്ലാത്തത്. അവിടെയും കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് വർ‌ധിപ്പിച്ചു. ഏറ്റുമാനൂർ മണ്ഡലത്തിൽ മന്ത്രി വി.എൻ.വാസവൻ നേടിയ വോട്ടുകൾ പിടിച്ചെടുക്കാനായി. നല്ല തൃപ്തിയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. നിയുക്ത എംപി കെ.ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിച്ച് യുഡിഎഫ് നേതാക്കൾ സന്തോഷം പങ്കുവച്ചു.

വിജയം പ്രവർത്തകർക്ക് സമർപ്പിക്കുന്നു:നാട്ടകം സുരേഷ്
കോട്ടയം ∙ ജില്ലയിൽ ഉൾപ്പെട്ട ഒൻപത് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചതിൽ സന്തോഷവും അഭിമാനവും ഉള്ളതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.  കോട്ടയം, പത്തനംതിട്ട, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ വിജയത്തെക്കുറിച്ചായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.കൂട്ടായ പ്രവർത്തനമായിരുന്നു. ബൂത്ത് തലം വരെയുള്ള പ്രവർത്തകർ അക്ഷീണം പ്രവർത്തിച്ചു. 

ഈ വിജയം സാധാരണ പ്രവർത്തകർക്ക് സമ്മാനിക്കുകയാണെന്നും നാട്ടകം സുരേഷ് പറഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ ജനസ്വാധീനം നഷ്ടപ്പെട്ടതിനു തെളിവാണ് പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.  എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വം കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിയെ ബാധിച്ചില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

കോട്ടയത്തെ ഫലം നിലപാട് ശരി വയ്ക്കുന്നത്: മോൻസ് 
തങ്ങളുടെ രാഷ്ട്രീയ നിലപാട് ശരി വയ്ക്കുന്നതാണു കോട്ടയത്തെ ഫലമെന്നു മോൻസ് ജോസഫ് എംഎൽഎ. മധ്യതിരുവിതാംകൂറിൽ ശക്തിതെളിയിക്കുമെന്ന കേരള കോൺഗ്രസ് (എം) നേതാവിന്റെ അവകാശവാദം പൊളി‍ഞ്ഞു. എല്ലാ കേരള കോൺഗ്രസ് (എം) എംഎൽഎമാരുടെ മണ്ഡലത്തിലും യുഡിഎഫ് വിജയം നേടി. സംസ്ഥാന പാർട്ടി പദവി ലഭിക്കുന്നതോടെ കൈക്കൊള്ളേണ്ട നടപടികൾക്കായി ചെയർമാൻ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ യോഗം ചേരും. ചിഹ്നം അടക്കം തീരുമാനിക്കും. ഓട്ടോറിക്ഷ അനുഗ്രഹ ചിഹ്നമാണെന്നും മോൻസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com