ജലജീവൻ പദ്ധതി റോഡുകൾക്ക് പാര; പൈപ്പ് സ്ഥാപിക്കാൻ കുഴി എടുത്തതു മൂലം റോഡുകൾ തകർന്നു
Mail This Article
തീക്കോയി ∙ ജലജീവൻ മിഷൻ പദ്ധതിക്കു പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച കുഴികൾ ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമല്ലാതാക്കുന്നു. റോഡുകൾ തകർന്നതോടെ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തി. നല്ല രീതിയിൽ ടാറിങ് നടത്തിയും കോൺക്രീറ്റു ചെയ്തും കിടന്നിരുന്ന റോഡുകൾ പൈപ്പ് സ്ഥാപിക്കുന്നതിനു കുത്തിപ്പൊളിച്ചു കാൽനടയാത്രയ്ക്കു പോലും സാധിക്കാത്ത അവസ്ഥയിലായി. പലയിടത്തും ഗതാഗത തടസ്സങ്ങളും ഉണ്ടാകുന്നു.
തീക്കോയി പഞ്ചായത്തിലെ വെള്ളികുളം പുള്ളിക്കാനം റോഡിൽ വാഹനഗതാഗതം പോലും പദ്ധതി മൂലം തടസ്സപ്പെടുന്ന സ്ഥിതിയാണ്. കയറ്റവും വളവുകളും നിറഞ്ഞ റോഡിന്റെ ഓടയിലൂടെയാണ് പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ജെസിബി കൊണ്ടു കുഴിച്ചു പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടുകയാണു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മണ്ണ് അപ്പാടെ ഒലിച്ചുപോയി പൈപ്പ് തെളിഞ്ഞ നിലയിലാണ്. ഇളക്കിയ മണ്ണ് പൂർണമായും റോഡിലൂടെ ഒഴുകി. ചെറുകല്ലുകൾ റോഡിലൂടെ നിരന്നു കിടക്കുകയാണ്.
ഓടയിൽ പൈപ്പിട്ടതോടെ പലയിടത്തും വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിലൂടെ ഒഴുകുന്ന വെള്ളവും ഒഴുകി വരുന്ന കല്ലുകളും ഇരുചക്രവാഹന യാത്രക്കാരെയാണ് ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. പൈപ്പിടുന്നത് റോഡിന്റെ മറുവശത്തേക്ക് മാറ്റുകയോ ഓടയിൽ താഴ്ത്തി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കോൺക്രീറ്റ് ചെയ്യാത്ത പക്ഷം മണ്ണ് പൂർണമായും ഒലിച്ചു പോകും. പദ്ധതി വരുന്നതിനോട് എതിർപ്പില്ലെങ്കിലും വെള്ളമൊഴുകി റോഡ് ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.