ADVERTISEMENT

കുറവിലങ്ങാട് ∙വിലയിടിവു കാരണം പടവലങ്ങ പാടത്ത് ഉപേക്ഷിച്ച കാലം ഉണ്ടായിരുന്നു കർഷകർക്ക്. കിലോഗ്രാമിന് 7 രൂപ പോലും ലഭിക്കാത്ത അവസ്ഥ. പക്ഷേ ഇപ്പോൾ വിപണിയിൽ പടവലങ്ങവില കിലോഗ്രാമിനു 70 മുതൽ 80 രൂപ വരെ. അതിർത്തികടന്ന് മൈസൂരു ഭാഗത്തുനിന്ന് എത്തുന്ന പച്ചക്കറികളിൽ പടവലങ്ങയും ഉണ്ട്. വില കൂടിയെങ്കിലും കാലാവസ്ഥാ വ്യതിയാനം കാരണം ഉൽപാദനം ഗണ്യമായി കുറഞ്ഞു.

കടുപ്പമേറിയ കാലാവസ്ഥ
കാലാവസ്ഥയുടെ മൂന്ന് വ്യത്യസ്ത അവസ്ഥകൾ. മേയ് മാസം ആദ്യഘട്ടത്തിൽ ഉഷ്ണതരംഗം, തുടർന്ന് കനത്ത വേനൽമഴയും കാലവർഷത്തിന്റെ ഭാഗമായി അതിതീവ്ര മഴയും. അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ തകർത്തു.ഓണവിപണി ലക്ഷ്യമാക്കി പച്ചക്കറിക്കൃഷി ഉൾപ്പെടെ ആരംഭിക്കുന്ന സമയമാണിത്. പക്ഷേ ഇത്തവണയും ഓണക്കാലം കർഷകർക്ക് സങ്കടകാലമാകാനാണു സാധ്യത.

. കൃഷിയുടെ അവസ്ഥ പ്രവചനാതീതമാകുന്നു.കടുത്ത ചൂടിനെ അതിജീവിച്ച കാർഷിക മേഖല കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു വരുമ്പോഴാണ് വേനൽമഴ എത്തിയത്. ശക്തമായ കാറ്റിനൊപ്പം എത്തിയ വേനൽമഴ കർഷകരെ നഷ്ടത്തിന്റെ പടുകുഴിയിലാക്കി. മഴ വീണ്ടും ശക്തമായതോടെ വിളകൾ പലതും വെള്ളത്തിലായി. 
∙പച്ചക്കറികൾ, ഇഞ്ചി, ഏത്തക്കുലകൾ, ജാതിക്കാ പൈനാപ്പിൾ തുടങ്ങിയവയുടെ ഉൽപാദനം പകുതിയലധികം കുറഞ്ഞു.വിപണിയിൽ വില കുതിച്ചു. ഇതരസംസ്ഥാന പച്ചക്കറിവരവ് വർധിച്ചു.
∙രോഗസാധ്യത വർധിച്ചു. കീടങ്ങളുടെ ശല്യം ക്രമാതീതമായി വർധിച്ചു. വിളകളുടെ വളർച്ച മുരടിച്ച അവസ്ഥ.

∙2018ലെ പ്രളയത്തിനു ശേഷം എല്ലാ വർഷവും തുടരുന്ന കാലാവസ്ഥ വ്യതിയാനം മൂലം കർഷകരിൽ പലരും കാർഷിക മേഖലയിൽനിന്നു പിന്മാറുകയാണ്.
∙ഓണക്കാല കൃഷി ആരംഭിക്കുന്ന സമയമാണ്. 125 ദിവസത്തിനു ശേഷമാണ് മെച്ചപ്പെട്ട വിളവെടുപ്പിന്റെ സമയം. പക്ഷേ മഴയുടെ അളവ് വർധിച്ചാൽ പ്രതീക്ഷകളെല്ലാം തെറ്റും.

വിലക്കയറ്റം രൂക്ഷം
പച്ചമുളക് ഒരു കിലോഗ്രാമിനു 180 രൂപ. ഉണ്ട മുളകിന്റെ വിലയാണിത്. സാധാരണ പച്ചമുളകിന് 120 രൂപ. ഒരു കിലോഗ്രാം എത്തപ്പഴത്തിനു 65 രൂപ മുതൽ 75 രൂപ വരെ. ഞാലിപ്പൂവൻ വില 80 രൂപയുടെ മുകളിൽ. മഴക്കാലം ആണെങ്കിലും വിപണിയിൽ പച്ചക്കറിക്കു പൊള്ളുന്ന വിലയാണ്. തക്കാളി, പയർ, വെണ്ട, പാവൽ, മുരിങ്ങ, ബീൻസ്, കാരറ്റ് തുടങ്ങിയവയുടെ വില റെക്കോർഡ് നിലവാരത്തിൽ. 

തക്കാളി–100, ബീൻസ്–110,കാരറ്റ്–80,കോവയ്ക്ക–60 എന്നിങ്ങനെയാണ് കുറവിലങ്ങാട് ഭാഗത്തെ വില. സവാള, ഉരുളക്കിഴങ്ങ്, വെള്ളരി തുടങ്ങിയ ഇനങ്ങൾ മാത്രമാണ് 50നു താഴെ വില. ചേന, ചെറുനാരങ്ങ, ഇഞ്ചി തുടങ്ങിയ ഇനങ്ങൾക്കും വില ഉയർന്നു.നാടൻ ഇനങ്ങൾ കാര്യമായി വിപണിയിൽ എത്തുന്നില്ല.നാടൻ ഇനങ്ങളുടെ ഉൽപാദനം കുറഞ്ഞതോടെ മൈസൂരുവിൽനിന്നും തമിഴ്നാട്ടിൽനിന്നും പച്ചക്കറിവരവ് വർധിച്ചു. സീസൺ അനുസരിച്ചാണ് നാട്ടിലെ പച്ചക്കറിക്കൃഷി. 

പക്ഷേ മൈസൂരു, കമ്പം ഉൾപ്പെടെ മറ്റിടങ്ങളിൽ വർഷത്തിൽ എല്ലാ സമയത്തും അച്ചിങ്ങപ്പയർ ഉൾപ്പെടെ കൃഷി ചെയ്യുന്നു. ഇവിടങ്ങളിൽനിന്നു വൻതോതിൽ ഏത്തക്കുല ഉൾപ്പെടെ എത്തുന്നു. നാടൻ ഇനങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇവ കൃത്യമായി ലഭിക്കുന്നതിനാൽ ചെറുകിട വ്യാപാരികൾ പോലും മറുനാടൻ ഇനങ്ങളിലേക്കു ചുവടു മാറ്റുകയാണ്.

സർക്കാർ പദ്ധതി പാതിവഴിയിൽ
കാലാവസ്ഥാവ്യതിയാനം കാർഷിക മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം നേരിടാൻ രണ്ടു വർഷം മുൻപ് സർക്കാർ ആവിഷ്കരിച്ച കർമപദ്ധതി എങ്ങുമെത്തിയില്ല.  2022ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2022 മുതൽ 7 വർഷം സംസ്ഥാനത്തു നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലകളെക്കുറിച്ചും വ്യക്തത നൽകിയാണ് കേരള സ്റ്റേറ്റ് ആക്‌ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2023 - 2030 എന്ന പേരിൽ സംസ്ഥാന എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറേറ്റ് പദ്ധതി തയാറാക്കിയത്.

പക്ഷേ തുടർനടപടി ഉണ്ടായില്ല. കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം, വനവും ജൈവ ആവാസവ്യവസ്ഥയും, ആരോഗ്യം, ജലവിഭവം എന്നീ മേഖലകൾക്കു പ്രത്യേക പരിഗണന നൽകിയാണ് പദ്ധതി തയാറാക്കിയത്.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകട സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തുമെന്നും നടപടിയെടുക്കുമെന്നുമായിരുന്നു പ്രഖ്യാപനം. പട്ടികയിൽ ഇടത്തരം ദുർബല ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും ഉൾപ്പെടുത്തിയെങ്കിലും മുന്നോട്ടുപോയില്ല.

വിള ഇൻഷുറൻസ് 
കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് 33 വരെ ചേരാം. നെല്ല്, കമുക്, തെങ്ങ്, ഇഞ്ചി, റബർ, വാഴ, ഏലം, കശുമാവ്, കൊക്കോ, പൈനാപ്പിൾ, മഞ്ഞൾ, ഗ്രാമ്പു, കാപ്പി, നിലക്കടല, മാവ്, ജാതി, കുരുമുളക്, പയറുവർഗങ്ങൾ, എള്ള്, കരിമ്പ്, കപ്പ, തേയില, പുകയില, കിഴങ്ങുവർഗങ്ങൾ, ചെറു ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, തക്കാളി, പച്ചക്കറിവിളകൾ തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് ലഭിക്കും. അക്ഷയ സെന്റർ വഴി പദ്ധതിയിൽ അംഗമാകാം. വിശദവിവരങ്ങൾ കൃഷിഭവനുകളിൽ ലഭ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com